തളിപ്പറമ്പ്: കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം തളിപ്പറമ്പിലെ വിവിധ വേദികളിലായി ആവേശകരമായി പുരോഗമിക്കുമ്പോൾ സബ് ജില്ലാ തലത്തിൽ പയ്യന്നൂർ മികച്ച പോയിന്റുകളോടെ മുന്നേറ്റം തുടരുന്നു. തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ മാസ്റ്ററാണ് ശാസ്ത്രമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
കുട്ടികളിലെ കഴിവുകളെ തിരിച്ചുപിടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് അധ്യാപകരുടെയും സമൂഹത്തിന്റെയും ചുമതലയെന്നും ശാസ്ത്രമേളകളിലൂടെ പുതിയ ആശയങ്ങളും മികച്ച ശാസ്ത്രജ്ഞരും വളർന്നുവരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ പി.കെ. സുബൈർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ മുഖ്യാതിഥിയായിരുന്നു.
നാല് പ്രധാന വിദ്യാലയങ്ങളിലായി ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി എന്നീ അഞ്ച് മേളകളാണ് നടക്കുന്നത്. മൂത്തേടത്ത് എച്ച്.എസ്.എസിൽ ശാസ്ത്രമേളയും ശാസ്ത്രനാടകവും, സീതി സാഹിബ് എച്ച്.എസ്.എസിൽ ഗണിതശാസ്ത്രമേളയും, സർ സയ്യിദ് എച്ച്.എസ്.എസിൽ പ്രവൃത്തിപരിചയമേളയും, ടാഗോർ വിദ്യാനികേതനിൽ സാമൂഹ്യശാസ്ത്ര-ഐ.ടി മേളകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി ജില്ലയിലെ വിവിധ സബ് ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് കഴിവുകൾ മാറ്റുരയ്ക്കുന്നത്.
മത്സരങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ സബ് ജില്ലാ പോയിന്റ് നിലയിൽ പയ്യന്നൂർ ഉപജില്ല വ്യക്തമായ മേധാവിത്വം പുലർത്തുന്നുണ്ട്. ഇവിടെ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന പ്രതിഭകൾ പാലക്കാട് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.