കുവൈത്ത് സിറ്റി: കെട്ടിടങ്ങളിലെ വിവിധ യൂണിറ്റുകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് സർക്കാർ സേവനങ്ങളുടെ ഏകീകൃത ആപ്പായ ‘സഹൽ’ വഴി ലഭ്യമാക്കുന്ന സേവനം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ — പാസി ആരംഭിച്ചു.
‘ശഹാദത്ത് ബയാൻ വഹ്ദാത്ത് മബ്നാ’ എന്ന പേരിലുള്ള സർട്ടിഫിക്കറ്റ് നൽകുന്ന സേവനമാണ് ആപ്പിൽ ഉൾപ്പെടുത്തിയത്. കെട്ടിടത്തിനുള്ളിൽ പ്രത്യേകം തിരിച്ചറിയുന്ന ഫ്ലാറ്റുകൾ, കടമുറികൾ, ഓഫീസുകൾ തുടങ്ങിയ ഭാഗങ്ങളെയാണ് യൂണിറ്റുകൾ എന്നു വിശേഷിപ്പിക്കുന്നത്.
പാസിയുടെ നിലവിലുള്ള സർട്ടിഫിക്കറ്റ് വിതരണസേവനം സഹലിലേക്കുകൂടി വ്യാപിപ്പിക്കുന്നതാണ് നടപടി. ഇതോടെ ബന്ധപ്പെട്ട അപേക്ഷകർക്ക് സർട്ടിഫിക്കറ്റിനായി ആപ്പിലൂടെ അപേക്ഷിക്കാനുള്ള സൗകര്യം ലഭിക്കും. കെട്ടിട യൂണിറ്റുകളുടെ വിവരസർട്ടിഫിക്കറ്റ് പാസിയുടെ ഔദ്യോഗിക സേവനപ്പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്.