കുവൈത്ത് സിറ്റി: കൂട്ടുടമസ്ഥതയിലുള്ള കുടുംബവീടുകൾ പൊതുലേലത്തിലൂടെ വിൽക്കുന്നതുമൂലമുണ്ടാകുന്ന കുടുംബ-സാമൂഹിക പ്രശ്നങ്ങൾ കുറയ്ക്കാൻ പുതിയ നിയമഭേദഗതി സഹായിക്കുമെന്ന് നീതിന്യായ മന്ത്രാലയ അണ്ടർ സെക്രട്ടറി അവാതിഫ് അൽ സനദ്. കുടുംബത്തിന്റെ താമസസ്ഥിരത സംരക്ഷിക്കുന്നതിനൊപ്പം ഓരോ സഹഉടമയുടെയും സാമ്പത്തിക അവകാശങ്ങൾ ഉറപ്പാക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യമെന്ന് അവർ വ്യക്തമാക്കി.
1980ലെ സിവിൽ നിയമത്തിലെ ബന്ധപ്പെട്ട വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന 2026ലെ 121ാം നമ്പർ നിയമത്തിലൂടെയാണ് പുതിയ സംവിധാനം കൊണ്ടുവന്നത്. കൂട്ടുടമസ്ഥതയിലുള്ള താമസസ്വത്തിൽനിന്ന് പിന്മാറാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ഓഹരി വാങ്ങാൻ സാമ്പത്തിക ശേഷിയുള്ള മറ്റ് സഹഉടമകൾക്ക് അവസരം ലഭിക്കും. ഇതിലൂടെ സ്വത്ത് നേരിട്ട് പൊതുലേലത്തിലേക്ക് പോകുന്നത് ഒഴിവാക്കാൻ സാധിക്കും.
സ്വത്തിന്റെ മൂല്യം നിർണയിക്കാൻ കോടതി വിദഗ്ധനെ നിയോഗിക്കും. അതിന്റെ അടിസ്ഥാനത്തിൽ ഓരോരുത്തരുടെയും ഓഹരിയുടെ മൂല്യം കണക്കാക്കും. നിർണയിച്ച മൂല്യത്തിൽ എതിർപ്പുണ്ടെങ്കിൽ നിയമാനുസൃത നടപടികളിലൂടെ പുനർമൂല്യനിർണയം ആവശ്യപ്പെടാനും അവസരമുണ്ടാകും.
മറ്റൊരു താമസസ്ഥലമോ പകരം വീട് വാങ്ങാനുള്ള സാമ്പത്തിക ശേഷിയോ ഇല്ലാത്ത കുടുംബാംഗങ്ങളുടെ സംരക്ഷണവും ഭേദഗതി ലക്ഷ്യമിടുന്നു. വ്യവസ്ഥകൾ ബാധകമാണോയെന്ന് ഓരോ കേസിലെയും സാഹചര്യങ്ങൾ വിലയിരുത്തി കോടതി തീരുമാനിക്കും. കുടുംബവീട് നിലനിർത്താൻ ആഗ്രഹിക്കുന്നവരുടെയും സ്വന്തം വിഹിതം ആവശ്യപ്പെടുന്നവരുടെയും അവകാശങ്ങൾ തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുകയാണ് ഉദ്ദേശ്യമെന്ന് അൽ സനദ് പറഞ്ഞു.