കുവൈത്ത് സിറ്റി: കുവൈത്തിലെ ജനസംഖ്യയിൽ ഏകദേശം 75 ശതമാനം പേർ അമിതഭാരമോ പൊണ്ണത്തടിയോ നേരിടുന്നതായി നാലാമത് കുവൈത്ത് പൊണ്ണത്തടി സമ്മേളനത്തിന്റെ അധ്യക്ഷൻ ഡോ. ഷിഹാബ് കുറൂഫ്. പോഷകാഹാര വിഭാഗത്തിന്റെ നിരീക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പൊണ്ണത്തടി ചികിത്സ ശസ്ത്രക്രിയയിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. പോഷകാഹാരം, ജനറൽ മെഡിസിൻ, കുടുംബാരോഗ്യം, മാനസികാരോഗ്യം, ശസ്ത്രക്രിയ തുടങ്ങിയ വിഭാഗങ്ങൾ ഏകോപിച്ച് പ്രവർത്തിക്കേണ്ട മേഖലയാണിത്. രോഗിയുടെ ആരോഗ്യസ്ഥിതിക്ക് അനുയോജ്യമായ സമഗ്ര സമീപനമാണ് ആവശ്യമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവിധ വൈദ്യശാഖകളെയും ആധുനിക സാങ്കേതികവിദ്യകളെയും ഏകോപിപ്പിച്ചുള്ള ചികിത്സയ്ക്ക് ആരോഗ്യ മന്ത്രാലയം പ്രാധാന്യം നൽകുന്നതായി അണ്ടർ സെക്രട്ടറി ഷെയ്ഖ് ഡോ. സൽമാൻ ഖലീഫ അൽ സബാഹ് പറഞ്ഞു. രോഗിയുടെ സുരക്ഷയും ചികിത്സാഫലം നിലനിർത്തുന്നതുമാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
‘പൊണ്ണത്തടി ചികിത്സയിലെ പുതിയ വൈദ്യശാസ്ത്ര, ശസ്ത്രക്രിയാ മുന്നേറ്റങ്ങൾ’ എന്ന വിഷയത്തിലാണ് രണ്ടുദിവസത്തെ സമ്മേളനം നടക്കുന്നത്. കുവൈത്തിനകത്തും പുറത്തുമുള്ള ശസ്ത്രക്രിയാ വിദഗ്ധർ, ഡോക്ടർമാർ, പോഷകാഹാര വിദഗ്ധർ, മാനസികാരോഗ്യ-കുടുംബാരോഗ്യ വിദഗ്ധർ എന്നിവർ പങ്കെടുക്കുന്നു.