കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ അൽ റയ് പ്രദേശത്ത് സുരക്ഷാ–ഗതാഗത പരിശോധന നടത്തി. ഫർവാനിയ ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആകെ 981 നടപടികളും നിയമലംഘനങ്ങളും രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രദേശത്തെ വിവിധ കേന്ദ്രങ്ങളിൽ വിന്യസിച്ച ഉദ്യോഗസ്ഥർ വാഹനങ്ങളും യാത്രക്കാരുടെ തിരിച്ചറിയൽ രേഖകളും പരിശോധിച്ചു. വാഹനങ്ങൾ നിർത്തി ആവശ്യമായ രേഖകൾ പരിശോധിച്ചതിനൊപ്പം ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ വിവരങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തു.
പകലും രാത്രിയുമായി നടന്ന പരിശോധനയിൽ സുരക്ഷാ ഉദ്യോഗസ്ഥരും പട്രോളിങ് സംഘങ്ങളും പങ്കെടുത്തു. സുരക്ഷാ പരിശോധനയ്ക്കൊപ്പം ഗതാഗത നിയമങ്ങളുടെ പാലനം ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.