കുവൈത്ത് സിറ്റി: ഇടവേളയ്ക്കുശേഷം കുവൈത്തിലെ പ്രാദേശിക മെയ്ദ് മത്സ്യം വീണ്ടും വിപണിയിലെത്തി. ഏകദേശം 650 കൊട്ട പുതിയ മത്സ്യമാണ് വിൽപ്പനയ്ക്കെത്തിയതെന്ന് കുവൈത്ത് മത്സ്യത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് അബ്ദുല്ല അൽ സർഹീദ് അറിയിച്ചു. മത്സ്യലഭ്യത വർധിച്ചതോടെ ലേലത്തിൽ പങ്കെടുക്കാൻ ഉപഭോക്താക്കളും വ്യാപാരികളും വലിയ തോതിൽ എത്തി.

20 കിലോഗ്രാം ഭാരമുള്ള ഒരു കൊട്ടയ്ക്ക് 50 മുതൽ 60 ദിനാർ വരെയായിരുന്നു വില. കുറച്ചുകാലമായി വിപണിയിൽ ലഭ്യത കുറഞ്ഞിരുന്ന മെയ്ദ് മത്സ്യം കൂടുതൽ അളവിൽ എത്തിയതോടെ വിൽപ്പന സജീവമായി.

കാലാവസ്ഥ അനുകൂലമായി തുടരുകയും കൂടുതൽ മത്സ്യം വിപണിയിലെത്തുകയും ചെയ്താൽ വിലയിൽ കുറവുണ്ടാകുമെന്നാണ് യൂണിയന്റെ പ്രതീക്ഷ. ലഭ്യത ഉയരുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ അനുകൂലമായ നിരക്കിൽ മത്സ്യം ലഭിക്കുമെന്ന് അൽ സർഹീദ് പറഞ്ഞു.

മത്സ്യവില സാധാരണ ഉപഭോക്താക്കൾക്ക് താങ്ങാനാകുന്ന നിലയിലെത്തണമെന്നാണ് യൂണിയൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വരുംദിവസങ്ങളിലെ മത്സ്യലഭ്യതയും കാലാവസ്ഥയും വിപണിയിലെ വിലനിലവാരത്തെ സ്വാധീനിക്കും.