കുവൈത്ത് പൗരന്മാർക്കുള്ള നോൺ കമ്മിഷൻഡ് ഓഫിസർ കോഴ്‌സ്; നവംബർ അഞ്ചുമുതൽ 14 വരെ ഓൺലൈനായി അപേക്ഷിക്കാം

കുവൈത്ത് സിറ്റി: വ്യോമസേനയിലെ സാങ്കേതിക വിഭാഗങ്ങളിലേക്കുള്ള നോൺ കമ്മിഷൻഡ് ഓഫിസർ പരിശീലന കോഴ്‌സിന് കുവൈത്ത് പ്രതിരോധ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. സൈനിക ജനറൽ സ്റ്റാഫിന്റെ അഡ്മിനിസ്ട്രേഷൻ ആൻഡ് മാൻപവർ വിഭാഗമാണ് വിജ്ഞാപനം പുറത്തിറക്കിയത്.

സർവകലാശാലാ ബിരുദം, ഹയർ സെക്കൻഡറിക്കുശേഷമുള്ള ഡിപ്ലോമ, ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വ്യോമസേനയുടെ വിമാനങ്ങളിലും അനുബന്ധ സഹായവിഭാഗങ്ങളിലും പ്രവർത്തിക്കുന്നതിനുള്ള പരിശീലനമാണ് നൽകുക.

അപേക്ഷകർ കുവൈത്ത് പൗരന്മാരായിരിക്കണം. 18 വയസ്സ് പൂർത്തിയായവരും 26 വയസ്സ് കവിയാത്തവരുമായിരിക്കണം. ആരോഗ്യയോഗ്യതയും കുറഞ്ഞത് 157 സെന്റിമീറ്റർ ഉയരവും നിർബന്ധമാണ്. ഇംഗ്ലീഷ് പരീക്ഷയിൽ കുറഞ്ഞത് 40 ശതമാനം മാർക്കും വ്യക്തിഗത അഭിമുഖത്തിൽ വിജയവും വേണം. സാങ്കേതിക വിഷയങ്ങളിൽ ബിരുദമോ ഡിപ്ലോമയോ നേടിയവർക്ക് മുൻഗണന ലഭിക്കും.

പരിശീലനത്തിന്റെ കാലാവധി നാലുമാസമാണ്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് രാജ്യത്തിനകത്തും പുറത്തും തുടർപരിശീലന അവസരങ്ങളുണ്ടാകും. വിദ്യാഭ്യാസയോഗ്യത അനുസരിച്ചായിരിക്കും റാങ്ക് അനുവദിക്കുക.

നവംബർ അഞ്ചുമുതൽ 14 വരെ സൈനിക റിക്രൂട്ട്മെന്റ് വെബ്‌സൈറ്റ്⁠ വഴി അപേക്ഷ സമർപ്പിക്കാം. ആവശ്യമായ രേഖകൾ ഓൺലൈനായി ചേർക്കുകയും അഭിമുഖസമയത്ത് അസൽ രേഖകൾ ഹാജരാക്കുകയും വേണം.