യുദ്ധങ്ങളും അന്താരാഷ്ട്ര സംഘർഷങ്ങളും സൃഷ്ടിക്കുന്ന ആശങ്കകൾക്കിടെ, വൻദുരന്തവും സാമൂഹിക സംവിധാനങ്ങളുടെ തകർച്ചയും പ്രവചിക്കുന്ന പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപിക്കുന്നു. ഭക്ഷണം, കുടിവെള്ളം, ഇന്ധനം, ജനറേറ്ററുകൾ എന്നിവ കരുതിവയ്ക്കണമെന്ന ആഹ്വാനങ്ങളും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്.

യുദ്ധഭീതിക്കൊപ്പം കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക സമ്മർദം, അതിവേഗ സാങ്കേതികമാറ്റങ്ങൾ എന്നിവയും ഇത്തരം ആശങ്കകൾക്ക് കാരണമാകുന്നു. അമേരിക്കൻ മാധ്യമമായ ‘അക്സിയോസ്’ പ്രസിദ്ധീകരിച്ച വിവരങ്ങൾ ആധാരമാക്കി അൽജസീറ നൽകിയ വാർത്തയിലാണ് ഈ പ്രവണത വിശദീകരിക്കുന്നത്.

ദുരന്തങ്ങൾക്ക് മുന്നൊരുക്കം നടത്തുന്നവരെക്കുറിച്ച് പഠിക്കുന്ന കെന്റ് സർവകലാശാലയിലെ ഗവേഷകൻ മൈക്കൽ മിൽസിന്റെ വിലയിരുത്തലിൽ, ഇന്നത്തെ ആശങ്കകൾ ഏതെങ്കിലും ഒരുതരം ദുരന്തത്തിൽ ഒതുങ്ങുന്നില്ല. യുദ്ധം, ഭീകരാക്രമണം, കാലാവസ്ഥാ ദുരന്തങ്ങൾ, തൊഴിൽനഷ്ടം തുടങ്ങിയ വ്യത്യസ്ത സാധ്യതകളാണ് ആളുകളുടെ ഭീതിക്ക് പിന്നിലുള്ളത്.