​പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് വീടുകയറി വടിവാളുമായി ആക്രമണം നടത്തിയ യുവാവ് വെട്ടേറ്റു മരിച്ചു.

മേനോൻപാറ പരിശിക്കൽ എരിമിക്കാര വീട്ടിൽ ജോസഫ് മനോഹറിന്റെ മകൻ ജയിംസ് രാജകുമാരൻ (38) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ ഗുരുതരമായി വെട്ടേറ്റ ജയിംസിന്റെ ബന്ധു വലിയ കള്ളിയമ്പാറ സ്വദേശി പ്രവീൺ ചികിത്സയിലാണ്.

​കഴിഞ്ഞദിവസം രാത്രി 10.30-ഓടെ വലിയ കള്ളിയമ്പാറയിലുള്ള പ്രവീണിന്റെ വീട്ടിലായിരുന്നു സംഭവം. നേരത്തെ മദ്യപാനത്തിനിടെ സുഹൃത്തുക്കളും ബന്ധുക്കളും തമ്മിൽ കടുത്ത വാക്കുതർക്കം നിലനിന്നിരുന്നു.

ഇതിന്റെ തുടർച്ചയായി 13-ഉം 10-ഉം വയസ്സുള്ള രണ്ട് ആൺമക്കളെയും കൂട്ടി ബൈക്കിലെത്തിയ ജയിംസ് രാജകുമാരൻ പ്രവീണിന്റെ വീടുകയറി വടിവാൾ വീശി ഭീഷണിപ്പെടുത്തുകയായിരുന്നു.

​പ്രവീണിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ജയിംസ്, തന്റെ കൈവശമുണ്ടായിരുന്ന മുളകുപൊടി കലക്കിയ വെള്ളം പ്രവീണിന്റെ ശരീരത്തിലേക്ക് ഒഴിക്കുകയും ചെയ്തു. ഇതോടെ വീടിലുണ്ടായിരുന്ന ബന്ധുക്കളും പരിസരവാസികളും ചേർന്ന് ജയിംസ് രാജകുമാരനെ പ്രതിരോധിക്കുകയും മർദ്ദിക്കുകയുമായിരുന്നു. ഇതിനിടെ പ്രവീണിന്റെ കൈവശമുണ്ടായിരുന്ന കൊടുവാൾ ഉപയോഗിച്ച് തിരികെ വെട്ടുകയും സംഘർഷത്തിനിടയിൽ ജയിംസ് കൊല്ലപ്പെടുകയുമായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരങ്ങൾ.

​സംഭവത്തിൽ ആക്രമി സംഘത്തിലുണ്ടായിരുന്ന പ്രവീണിന്റെ ഇടതുകവിളിന് വെട്ടേറ്റിട്ടുണ്ട്. ഇയാളെ കനത്ത പോലീസ് സുരക്ഷയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അക്രമ സംഭവങ്ങൾക്ക് ദൃക്സാക്ഷികളായ ജയിംസ് രാജകുമാരന്റെ മക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പങ്കാളികളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

​ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത കൊഴിഞ്ഞാമ്പാറ പോലീസ് പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷമാണ് കൊലപാതകക്കുറ്റം ചുമത്തി കേസ് റജിസ്റ്റർ ചെയ്തത്.

തമിഴ്നാട്ടിലെ തിരുപ്പൂരിലെ മില്ലിൽ ജോലിക്കാരനായ ജയിംസ് രാജകുമാരൻ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ഇയാളുടെ ഭാര്യ കുടുംബവഴക്കിനെ തുടർന്ന് നേരത്തെ പിണങ്ങിപ്പോയതാണ്. ഇയാളുടെ മദ്യപാനത്തെക്കുറിച്ചും അക്രമസ്വഭാവത്തെക്കുറിച്ചും നാട്ടുകാർക്കിടയിൽ പരാതികളുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി.