​സൂററ്റ്: മൊബൈൽ ഫോണിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ അച്ഛനെ പ്രഷർ കുക്കറിന്റെ മൂടി കൊണ്ടടിച്ച് കൊലപ്പെടുത്തിയ 22-കാരി അറസ്റ്റിൽ. ഗുജറാത്തിലെ സൂററ്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രമേശ്സിംഗ് കൈലാഷ്സിംഗ് രജ്പുത് ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ അദ്ദേഹത്തിന്റെ മകളായ കാജൽ എന്ന വിക്രമിനെ (22) അമ്രോളി പോലീസ് അറസ്റ്റ് ചെയ്തു. പ്രഷർ കുക്കറിന്റെ മൂടിയും കത്തിയും ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.

​ഒക്ടോബർ 31-ന് രാത്രി 10.30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വീട്ടുജോലികളെച്ചൊല്ലി രമേശ്സിംഗും മകൾ കാജലും തമ്മിൽ വീട്ടിൽ വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ ദേഷ്യം മൂത്ത രമേശ്സിംഗ് മകളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് തറയിലടിച്ച് തകർക്കുകയായിരുന്നു.

തന്റെ ഫോൺ നശിപ്പിച്ചതിൽ പ്രകോപിതയായ കാജൽ അനിയന്ത്രിതമായ ദേഷ്യത്തിൽ അടുക്കളയിലുണ്ടായിരുന്ന പ്രഷർ കുക്കറിന്റെ മൂടിയെടുത്ത് പിതാവിന്റെ തലയ്ക്ക് ശക്തമായി അടിക്കുകയും, തുടർന്ന് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വയറ്റിൽ കുത്തുകയും ചെയ്തു.

​ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രമേശ്സിംഗ് രക്തം വാർന്നൊഴുകുന്ന നിലയിൽ വീടിനുപുറത്തേക്ക് ഓടുകയും, തുടർന്ന് വീടിന് സമീപത്തുവെച്ച് കുഴഞ്ഞുവീഴുകയും ചെയ്തു. ഉടൻ തന്നെ ആംബുലൻസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഇയാൾ ഇതിനകം മരണപ്പെട്ടിരുന്നു.

​തുടർന്ന് കൊല്ലപ്പെട്ട രമേശ്സിംഗിന്റെ ഭാര്യ മഞ്ചുബെൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അമ്രോളി പോലീസ് കേസെടുത്ത് മകളെ അതിവേഗം പിടികൂടുകയായിരുന്നു. പ്രതിയായ കാജൽ നിലവിൽ റിമാൻഡിലാണെന്നും, വീട്ടിലുണ്ടായ നിസ്സാര വഴക്കിനെത്തുടർന്ന് നിയന്ത്രണം വിട്ടാണ് മകൾ ഈ ക്രൂരകൃത്യം നടത്തിയതെന്നും സൂററ്റ് എസിപി പാർത്ത് ചോവാതിയ മാധ്യമങ്ങളോട് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.