കുവൈത്ത് സിറ്റി: കുവൈത്ത് നേരിട്ടുള്ള നിക്ഷേപ പ്രോത്സാഹന അതോറിറ്റിയുടെ പതിനൊന്നാമത് വാർഷിക റിപ്പോർട്ട് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് ഏറ്റുവാങ്ങി. ബയാൻ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് ഡോ. മിഷാൽ ജാബിർ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹാണ് റിപ്പോർട്ട് സമർപ്പിച്ചത്.
2025–2026 വർഷത്തെ അതോറിറ്റിയുടെ പ്രവർത്തനങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിക്ഷേപരംഗത്തെ നേട്ടങ്ങളും സഹകരണങ്ങളും രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് പിന്തുണയായെന്ന് അമീർ വിലയിരുത്തി. അതോറിറ്റിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.