കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ ഭക്ഷ്യസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ഉറവിടം വ്യക്തമല്ലാത്ത 115 കിലോഗ്രാം മാംസം ഭക്ഷ്യ-പോഷകാഹാര അതോറിറ്റി നശിപ്പിച്ചു. വിവിധ സ്ഥാപനങ്ങളിൽ കണ്ടെത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിൽ ഒമ്പത് നിയമലംഘന രേഖകളും തയ്യാറാക്കി.
ഫർവാനിയ ഭക്ഷ്യപരിശോധന വിഭാഗം ജലീബ് അൽ ശുയൂഖ്, ഖൈത്താൻ പരിശോധനാ കേന്ദ്രങ്ങളുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. സ്ഥാപനങ്ങൾ അംഗീകൃത ആരോഗ്യ-ശുചിത്വ വ്യവസ്ഥകളും ഭക്ഷ്യസുരക്ഷാ ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തി.
ശീതീകരിച്ച മാംസം ഉരുക്കി പുതിയ മാംസമെന്ന പേരിൽ വിൽപ്പനയ്ക്ക് പ്രദർശിപ്പിക്കുന്നതുൾപ്പെടെയുള്ള ക്രമക്കേടുകൾ കണ്ടെത്തി. ആവശ്യമായ അനുമതിയില്ലാതെ അധിക സ്ഥലം ഉപയോഗിക്കൽ, പൊതുആരോഗ്യ വ്യവസ്ഥകൾ പാലിക്കാതിരിക്കൽ തുടങ്ങിയ ലംഘനങ്ങളും രേഖപ്പെടുത്തി.
ഉപഭോക്താക്കളുടെ ആരോഗ്യവും വിപണിയിൽ ലഭ്യമായ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന നടത്തിയതെന്ന് അതോറിറ്റി അറിയിച്ചു. ഭക്ഷ്യസ്ഥാപനങ്ങളിലെ നിയമവിരുദ്ധ രീതികൾ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നിരീക്ഷണം തുടരുമെന്നും വ്യക്തമാക്കി.