കുവൈത്ത് സിറ്റി: സൈനിക-പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ കുവൈത്തും ദക്ഷിണ കൊറിയയും ചർച്ച ചെയ്തു. കുവൈത്ത് സൈനിക മേധാവി ലഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ ശുറൈആനും ദക്ഷിണ കൊറിയൻ ദേശീയ പ്രതിരോധ മന്ത്രാലയത്തിലെ മിലിട്ടറി ഫോഴ്‌സ് പോളിസി ഓഫീസ് ഡയറക്ടർ ജനറൽ കിം കി യോങ്ങും തമ്മിലായിരുന്നു കൂടിക്കാഴ്ച.

ഇരുരാജ്യങ്ങൾക്കുമിടയിൽ നിലവിലുള്ള സൈനിക സഹകരണം വികസിപ്പിക്കുന്നതും പരസ്പര താൽപര്യങ്ങൾക്ക് അനുസൃതമായി ബന്ധം മെച്ചപ്പെടുത്തുന്നതും ചർച്ചയായി. പ്രതിരോധരംഗത്ത് ഇരുപക്ഷത്തിനും താൽപര്യമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ വിലയിരുത്തി.

കുവൈത്ത് സൈനിക മേധാവിയുടെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ കൊറിയൻ പ്രതിനിധി സംഘവും പങ്കെടുത്തു. കുവൈത്ത് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളാണ് ചർച്ച ചെയ്തതെന്ന് സൈനിക ആസ്ഥാനം വ്യക്തമാക്കി.