റിയാദ്: മേഖലയിലെ വെല്ലുവിളികൾക്കിടയിലും ആഗോള വിപണികളിലേക്കുള്ള ഊർജവിതരണം വിശ്വസനീയമായി തുടരാനായതായി സൗദി മന്ത്രിസഭ വ്യക്തമാക്കി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന യോഗത്തിലാണ് വിലയിരുത്തൽ.

അടിസ്ഥാനസൗകര്യങ്ങൾ, സംഭരണകേന്ദ്രങ്ങൾ, വിതരണശൃംഖലകൾ എന്നിവയിൽ നടത്തിയ ദീർഘകാല നിക്ഷേപങ്ങളാണ് പ്രതിസന്ധികൾക്കിടയിലും വിതരണം തുടരാൻ സഹായിച്ചതെന്ന് മന്ത്രിസഭ ചൂണ്ടിക്കാട്ടി. മാറുന്ന സാഹചര്യങ്ങളെ നേരിടാനുള്ള സാങ്കേതികവും പ്രവർത്തനപരവുമായ ശേഷി ആഗോള ഊർജസുരക്ഷയ്ക്കും വിതരണശൃംഖലകളുടെ സ്ഥിരതയ്ക്കും പിന്തുണയായെന്നും യോഗം വിലയിരുത്തി.

സമുദ്രഗതാഗതത്തിനും ആഗോള ഊർജവിതരണത്തിനും ഭീഷണിയാകുന്ന എല്ലാ നടപടികളും സൗദി നിരാകരിക്കുന്നതായി മന്ത്രിസഭ ആവർത്തിച്ചു. കപ്പൽഗതാഗതത്തിന്റെയും അന്താരാഷ്ട്ര വ്യാപാരത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ ലോകസമൂഹം അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അന്താരാഷ്ട്ര നിയമം പാലിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു.

മേഖലയുടെ സ്ഥിരത ഉറപ്പാക്കാൻ സൗഹൃദരാജ്യങ്ങളുമായി ചേർന്നുള്ള നയതന്ത്രശ്രമങ്ങൾ തുടരും. രാജ്യത്തിന്റെ പരമാധികാരത്തിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കുമെതിരായ ഭീഷണികളെ നേരിടുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മന്ത്രിസഭ വ്യക്തമാക്കി.