കുവൈത്ത് സിറ്റി: ട്രാഫിക് സിഗ്നൽ മാറുന്നതിനു മുമ്പുള്ള മിന്നുന്ന വെളിച്ചത്തിന്റെ അർഥം വിശദീകരിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ബോധവത്കരണ വീഡിയോ പുറത്തിറക്കി. വാഹനം നിർത്തുന്നതിനോ മുന്നോട്ടെടുക്കുന്നതിനോ സുരക്ഷിതമായി തയ്യാറാകാൻ ഡ്രൈവർമാർക്ക് സമയം നൽകുന്ന മുൻകൂർ മുന്നറിയിപ്പ് സംവിധാനമാണ് ഇതെന്ന് മന്ത്രാലയം വ്യക്തമാക്കി.

പച്ചവെളിച്ചം മിന്നിത്തുടങ്ങുന്നത് സിഗ്നൽ മാറാനിരിക്കുന്നതിന്റെ സൂചനയാണ്. ഈ ഘട്ടത്തിൽ ഡ്രൈവർമാർ പെട്ടെന്ന് ബ്രേക്ക് ചെയ്യാതെ, ക്രമേണ വാഹനം നിർത്താൻ തയ്യാറാകണം. പച്ചവെളിച്ചം അഞ്ചു സെക്കൻഡ് മിന്നിയശേഷം മഞ്ഞയിലേക്കും തുടർന്ന് ചുവപ്പിലേക്കും മാറുന്നതാണ് വീഡിയോയിൽ വിശദീകരിക്കുന്നത്.

ചുവപ്പുവെളിച്ചം മിന്നുന്നത് പച്ച സിഗ്നൽ തെളിയാനിരിക്കുന്നതിന്റെ മുന്നറിയിപ്പാണ്. അഞ്ചു സെക്കൻഡ് നീളുന്ന ഈ ഘട്ടത്തിൽ വാഹനം മുന്നോട്ടെടുക്കാൻ തയ്യാറാകാമെങ്കിലും പച്ച തെളിയുന്നതിനു മുമ്പ് നീങ്ങരുത്.

മിന്നുന്ന പച്ചവെളിച്ചം കണ്ടാൽ പെട്ടെന്ന് വാഹനം നിർത്തുന്നതും മിന്നുന്ന ചുവപ്പുവെളിച്ചം കണ്ടയുടൻ മുന്നോട്ടെടുക്കുന്നതും ഒഴിവാക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു