കുവൈറ്റ്: തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ (TRIPA) കുവൈറ്റിന്റെ ഒന്നാം വാർഷികവും ഓണാഘോഷവും സംയുക്തമായി സംഘടിപ്പിച്ച “ആർപ്പോ 2K26” വർണ്ണാഭവും പ്രൗഢഗംഭീരവുമായ പരിപാടികളോടെ ആഘോഷിച്ചു. പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും മലയാളത്തിന്റെ തനിമയും കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ഹൃദയത്തോട് ചേർത്തുനിർത്തിയ ഈ ആഘോഷം കുവൈറ്റിലെ മലയാളി സമൂഹത്തിന്റെ ശ്രദ്ധേയമായ ഒത്തുചേരലായി മാറി.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ഒരുക്കങ്ങൾക്കും ശേഷം സംഘടിപ്പിച്ച ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ഗംഭീരമായ സദസ്സിന് സാക്ഷ്യം വഹിച്ചു. TRIPA പ്രസിഡന്റ് ശ്രീ നസീർ മക്കി അധ്യക്ഷത വഹിച്ച ചടങ്ങ് കുവൈറ്റിലെ സാമൂഹിയ പ്രവർത്തകൻ ശ്രീ ബാബു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. TRIPA ജനറൽ സെക്രട്ടറി ഡോ. സാജു സദസ്സിന് ഹൃദ്യമായ സ്വാഗതം ആശംസിച്ചു. അഡ്വൈസറി ചെയർമാൻ ശ്രീ ബിജു സ്റ്റീഫൻ ആശംസകൾ നേർന്നു.
കുവൈറ്റിലെ സിനിമാ-നാടക രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ ശ്രീ കൃഷ്ണകുമാർ, കുവൈറ്റിലെ മനുഷ്യാവകാശ കമ്മീഷനിലെ ഏക മലയാളി അംഗവും YES കാർഗോ എം.ഡിയുമായ ശ്രീ വിനോദ് . എന്നിവരുടെ സാന്നിധ്യം ചടങ്ങിന് പ്രത്യേക പ്രൗഢി പകർന്നു. കൂടാതെ കലാ-സാംസ്കാരിക രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന പ്രമുഖരും ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.
വൈസ് പ്രസിഡന്റ്മാർ ശ്രീ അമാനുള്ള, ഷാജഹാൻ, ജോയിന്റ് സെക്രട്ടറി ശ്രീമതി റസിയ, പ്രോഗ്രാം കൺവീനർ ശ്രീമതി ശോഭ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, സ്പോൺസർ വിജയലക്ഷമി എന്നിവരുടെ സജീവ സാന്നിധ്യവും പങ്കാളിത്തവും പരിപാടിയുടെ വിജയത്തിന് കൂടുതൽ കരുത്തേകി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങൾ ഒരേ വേദിയിൽ ഒത്തുചേർന്നത് ആഘോഷത്തിന് കൂടുതൽ മിഴിവേകി.
താലപ്പൊലിയുടെയും മാവേലിയുടെയും അകമ്പടിയോടെ ആരംഭിച്ച ആഘോഷത്തിൽ പ്രവാസി കുടുംബങ്ങളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. കേരളീയ പാരമ്പര്യത്തിന്റെ തനിമ വിളിച്ചോതിയ ഓണസദ്യ, ഹൃദ്യമായ സാംസ്കാരിക സമ്മേളനം, വൈവിധ്യമാർന്ന കലാപരിപാടികൾ, സംഗീതവിരുന്ന്, ഗാനമേള എന്നിവ ആഘോഷത്തെ കൂടുതൽ മനോഹരമാക്കി. കലാപരിപാടികളിൽ പങ്കെടുത്ത കലാകാരന്മാരുടെ മികവും അവതരണവും സദസ്സിന്റെ നിറഞ്ഞ കൈയടി നേടി.
TRIPAയുടെ ഒന്നാം വർഷത്തെ പ്രവർത്തനങ്ങളുടെയും കൂട്ടായ്മയുടെയും നേട്ടങ്ങളുടെയും ആഘോഷം കൂടിയായിരുന്നു “ആർപ്പോ 2K26”. ചുരുങ്ങിയ കാലയളവിനുള്ളിൽ സംഘടന കെട്ടിപ്പടുത്ത സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സഹകരണത്തിന്റെയും അടിത്തറ കൂടുതൽ ശക്തിപ്പെടുത്താൻ ഈ സംഗമത്തിന് സാധിച്ചു.
പ്രവാസലോകത്ത് ജന്മനാടിന്റെ സ്നേഹവും സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനൊപ്പം സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ കൂടുതൽ സജീവമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് TRIPAയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി അക്ഷീണം പ്രവർത്തിച്ച സംഘാടകസമിതി അംഗങ്ങൾക്കും എക്സിക്യൂട്ടീവ് അംഗങ്ങൾക്കും കലാകാരന്മാർക്കും സ്പോൺസർമാർക്കും സന്നദ്ധപ്രവർത്തകർക്കും അഭ്യുദയകാംക്ഷികൾക്കും അതിഥികൾക്കും സംഘടന ട്രഷറർ ശ്രീ ഷിബുരാജ് നന്ദി അറിയിച്ചു.
ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ അഭിമാനകരമായ ഓർമ്മകളും പുതിയ പ്രതീക്ഷകളും പങ്കുവെച്ച “ആർപ്പോ 2K26”, TRIPA കുവൈറ്റിന്റെ സംഘടനാ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു അധ്യായമായി മാറി. പ്രവാസത്തിന്റെ മണ്ണിൽ മലയാളത്തിന്റെ ഒരുമയും ഓണത്തിന്റെ നന്മയും വിളിച്ചോതിയ ഈ മഹാസംഗമം വരുംകാലങ്ങളിൽ കൂടുതൽ ഉയരങ്ങളിലേക്ക് മുന്നേറാനുള്ള പ്രചോദനമായി.