കുവൈത്ത് സിറ്റി: വംശബന്ധം തെളിയിക്കുന്നതും പേരുകൾ തിരുത്തുന്നതുമായി ബന്ധപ്പെട്ട നടപടികൾ സുഗമമാക്കാൻ കുവൈത്തിലെ സെൻട്രൽ ഏജൻസിയും ബന്ധപ്പെട്ട സമിതിയും സഹകരണം ശക്തിപ്പെടുത്തുന്നു. നിയമാനുസൃത താമസപദവിയില്ലാത്തവരുടെ സ്ഥിതിവിവരങ്ങൾ കൈകാര്യം ചെയ്യുന്ന സെൻട്രൽ ഏജൻസിയും വംശബന്ധ കേസുകളും പേരുതിരുത്തലും പരിഗണിക്കുന്ന സമിതിയുമാണ് ഏകോപന നടപടികൾ ചർച്ച ചെയ്തത്.
സെൻട്രൽ ഏജൻസി മേധാവി സാലിഹ് അൽ ഫദാല, സമിതി അധ്യക്ഷൻ അഹമ്മദ് അൽ ഉമറുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ഏജൻസിയുടെ ആക്ടിങ് സെക്രട്ടറി ജനറൽ ബ്രിഗേഡിയർ ഡോ. ഷരീഫ് അൽ കന്ദരിയുടെ അധ്യക്ഷതയിൽ ഇരുവിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർ പങ്കെടുത്ത ഏകോപനയോഗവും ചേർന്നു.
അപേക്ഷകളിലെ നടപടിക്രമ തടസ്സങ്ങൾ പരിഹരിക്കുക, ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കുക, പ്രവർത്തനക്ഷമത ഉയർത്തുക തുടങ്ങിയ വിഷയങ്ങളാണ് യോഗം പരിഗണിച്ചത്. നേരിട്ടുള്ള ആശയവിനിമയം തുടരാനും അംഗീകൃത ചട്ടങ്ങൾക്കുള്ളിൽ ചുമതലകൾ ഏകോപിപ്പിക്കാനും ഇരുവിഭാഗങ്ങളും പ്രാധാന്യം നൽകി.