​പ്രശസ്ത സിനിമാ നിർമാതാവ് കണ്ണൻ രവിയുടെ മകന്റെ വിവാഹച്ചടങ്ങിനിടെ നടൻ അരവിന്ദിന് നേരിടേണ്ടിവന്ന അപൂർവ്വവും അപ്രതീക്ഷിതവുമായ അനുഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു.

വിവാഹവേദിയിലേക്ക് കയറാൻ ശ്രമിച്ച നടൻ അരവിന്ദിനെ സുരക്ഷാ ഉദ്യോഗസ്ഥൻ (സെക്യൂരിറ്റി) പിടിച്ച് തള്ളിമാറ്റുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

​മലയാളികളുടെ പ്രിയപ്പെട്ട ചിത്രമായ 'നന്ദനം'ത്തിലൂടെ ശ്രീകൃഷ്ണനായി എത്തി ശ്രദ്ധേയനായ താരമാണ് അരവിന്ദ് (അരവിന്ദ് ആകാശ്). മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ വേഷമിട്ടിട്ടുള്ള അദ്ദേഹം ചെന്നൈ 600028, ഗോവ, മങ്കാത്ത തുടങ്ങിയ ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ സ്വീകാര്യത പിടിച്ചുപറ്റിയ നടനാണ്.

​കണ്ണൻ രവിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായി നിരവധി താരങ്ങളാണ് അതിഥികളായി എത്തിയിരുന്നത്. ചടങ്ങിനിടയിൽ സദസ്സിൽ നിന്നും സ്റ്റേജിലേക്ക് കയറാൻ ശ്രമിക്കവെയാണ് സുരക്ഷാ ഉദ്യോഗസ്ഥൻ നടനെ തടഞ്ഞത്.

സെക്യൂരിറ്റി ജീവനക്കാരൻ ആളെ തിരിച്ചറിയാതെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അരവിന്ദിനെ പിടിച്ചു മാറ്റുകയായിരുന്നു.

​എങ്കിലും, തന്നെ സുരക്ഷാ ഉദ്യോഗസ്ഥൻ തള്ളിമാറ്റിയിട്ടും യാതൊരുവിധത്തിലുള്ള ദേഷ്യമോ അനിഷ്ടമോ പ്രകടിപ്പിക്കാതെ, ശാന്തനായി ചിരിച്ചുകൊണ്ട് വേദി വിട്ടുപോയ അരവിന്ദിന്റെ മാന്യതയെ പ്രശംസിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്.

"അയാൾ നല്ലൊരു മനസ്സിനു ഉടമയാണ്, പിടിച്ചു മാറ്റിയിട്ടും വേറെ പ്രതികരിക്കാനോ ഒന്നും നിന്നില്ല" എന്ന തരത്തിലുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.

അതേസമയം, ചടങ്ങിന് ക്ഷണിച്ചുവരുത്തി നടനെ അപമാനിക്കുന്ന രീതിയിലായിപ്പോയി സുരക്ഷാ ജീവനക്കാരുടെ നടപടിയെന്നും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.