തിരുവനന്തപുരം: കേരളത്തിന്റെ സമുദ്ര-വാണിജ്യ ചരിത്രത്തിൽ ചരിത്രപരമായ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ( (VISL) ആദ്യമായി, ഇറക്കുമതി ചരക്കുമായി (First Import Cargo) കപ്പൽ എത്തിയതിന്റെ ആഘോഷ ചടങ്ങുകൾ ഇന്ന് വൈകിട്ട് 5:30-ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നടക്കും. കേരളത്തിന്റെ സ്വന്തം വാണിജ്യത്തിനും സംരംഭകത്വത്തിനുമുള്ള ആഗോള കവാടമെന്ന നിലയിലുള്ള തുറമുഖത്തിന്റെ സ്ഥാനം കൂടുതൽ ദൃഢമാക്കുന്നതാണ് ഈ ചരിത്രനേട്ടം.
ചൈനയിലെ നിങ്ബോയിൽ നിന്നും 'എംഎസ്സി സബ്രീന III' (MSC Sabrina III) എന്ന കപ്പലിൽ എത്തിയ ആദ്യത്തെ 40 അടി കണ്ടെയ്നറിൽ വുഡ് പ്ലാസ്റ്റിക് കോമ്പോസിറ്റ് (WPC) ബോർഡുകളാണ് ഉള്ളത്. തിരുവനന്തപുരം ആസ്ഥാനമായുള്ള 'ടീം അൾട്ടെയർ ഗ്രൂപ്പ്' (Team Alteir Group) എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ഈ ഇറക്കുമതിക്ക് പിന്നിൽ. ഗോകുൽ സുരേഷ്, അക്ഷയ് എം, ആദർശ് കെ.എസ് എന്നിവർ ചേർന്ന് രൂപീകരിച്ച ഈ യുവ സംരംഭക സംഘം വിഴിഞ്ഞത്തിന്റെ ആഗോള കണക്റ്റിവിറ്റിയാണ് ഇതിനായി പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഈ ചരിത്രപരമായ ആദ്യ കണ്ടെയ്നറിനായുള്ള ഫോർവേഡിംഗ് ഏജൻസി സേവനങ്ങൾ നിർവഹിക്കുന്നത് ഗൗരി ദേവാനന്ദൻ, ഗ്രീഷ്മ ദേവാനന്ദൻ എന്നിവർ നേതൃത്വം നൽകുന്ന വനിതാ നേതൃത്വത്തിലുള്ള 'ബി.എസ്.2.ജി ലോജിസ്റ്റിക്സ് & ഷിപ്പ് ചാൻഡ്ലേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്' ആണ്. യുവ സംരംഭകർക്ക് പുതിയ തൊഴിലവസരങ്ങളും സാമ്പത്തിക വളർച്ചയും സൃഷ്ടിക്കുന്നതിൽ ഈ ചരക്കുനീക്കം നിർണ്ണായക ചുവടുവയ്പായി മാറും.
Image credit: the hindu