സിബിഎസ്ഇ പരീക്ഷകളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും ആദരം

കുവൈത്ത് സിറ്റി: യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ സ്ഥാപകദിനവും വാർഷിക തോമസ് ചാണ്ടി സ്മാരക പുരസ്കാരദാനച്ചടങ്ങും സംഘടിപ്പിച്ചു. ഒക്ടോബർ 29ന് നടന്ന പരിപാടിയിൽ സ്കൂൾ സ്ഥാപകൻ അന്തരിച്ച തോമസ് ചാണ്ടിയുടെ വിദ്യാഭ്യാസരംഗത്തെ സംഭാവനകളും സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് നൽകിയ നേതൃത്വവും അനുസ്മരിച്ചു.

2026ലെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ബോർഡ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. വിഷയങ്ങളിൽ ഒന്നാമതെത്തിയവർക്കും നൂറുശതമാനം മാർക്ക് നേടിയവർക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു.

കുവൈത്ത് ദേശീയഗാനത്തോടെയും അർഥസഹിതമുള്ള ഖുർആൻ പാരായണത്തോടെയും പരിപാടി ആരംഭിച്ചു. ഗീത റെജി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. പ്രിൻസിപ്പൽ സി. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേറ്റർ ജോയൽ ജേക്കബ് അധ്യക്ഷപ്രസംഗം നടത്തി. പഠനമികവിനൊപ്പം വിദ്യാർഥികളുടെ സമഗ്രവികസനത്തിനും സ്ഥാപകൻ നൽകിയ പ്രാധാന്യം അദ്ദേഹം അനുസ്മരിച്ചു.

സ്കൂളിലെ മുതിർന്ന അധ്യാപികയും പ്രൈമറി വിഭാഗം സയൻസ് മേധാവിയുമായ അച്ചാമ്മ കുരുവിള തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട ഓർമകൾ പങ്കുവച്ചു. സ്കൂൾ ഗായകസംഘത്തിന്റെ ഗാനവും വിദ്യാർഥികളുടെ നൃത്താവതരണവും നടന്നു.

പത്താം ക്ലാസ് പരീക്ഷയിൽ വിദ്യാർഥികളെ മുഴുവൻ മാർക്കിലേക്കു നയിച്ച അധ്യാപകരെയും 2025–26 അധ്യയനവർഷത്തെ ഹൗസ് ചുമതലയുള്ള അധ്യാപകരെയും ആദരിച്ചു. ഭരണവിഭാഗം ജീവനക്കാർ, സഹായജീവനക്കാർ, ഡ്രൈവർമാർ എന്നിവരുടെ സേവനങ്ങളും അംഗീകരിച്ചു. അനിജ റേച്ചൽ എബ്രഹാം പുരസ്കാരദാനച്ചടങ്ങും ബേബി കെ. ജോസഫ് പൊതുപരിപാടിയും നിയന്ത്രിച്ചു.