വ്യവസായങ്ങളിൽനിന്നുള്ള പുറന്തള്ളൽ ശുദ്ധീകരിച്ച് പുനരുപയോഗത്തിന് നൽകും

അബുദാബി: ഗൾഫ് ക്രയോയുടെ അബുദാബിയിലെ കാർബൺ പിടിച്ചെടുക്കൽ കേന്ദ്രം ഏതാനും ആഴ്ചകൾക്കകം ഉൽപ്പാദനം ആരംഭിക്കും. കമ്പനിയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ജോർജിയോസ് ബെറെറ്റ്‌സോസാണ് അഡിപെക് 2026 വേദിയിൽ ഇക്കാര്യം അറിയിച്ചത്. റാസൽഖൈമയിൽ നിലവിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിനു പുറമേയാണ് പുതിയ സംവിധാനം സജ്ജമാകുന്നത്.

വ്യവസായശാലകളിൽനിന്നുള്ള പുറന്തള്ളൽ പിടിച്ചെടുത്ത് ശുദ്ധീകരിച്ച് ജലശുദ്ധീകരണശാലകൾക്കും ഭക്ഷ്യവ്യവസായത്തിനും ഉൾപ്പെടെ വിതരണം ചെയ്യുന്ന പദ്ധതികളാണ് കമ്പനി വികസിപ്പിക്കുന്നത്. വ്യവസായങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്നതിനൊപ്പം പുനരുപയോഗ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

വ്യാവസായിക, മെഡിക്കൽ വാതകങ്ങളുടെ ഉൽപ്പാദനത്തിലും വിതരണത്തിലും പ്രവർത്തിക്കുന്ന കമ്പനിയുടെ ഏറ്റവും വലിയ വിപണിയാണ് യുഎഇയെന്ന് ബെറെറ്റ്‌സോസ് പറഞ്ഞു. ഓക്സിജൻ, നൈട്രജൻ, ആർഗൺ എന്നിവയുടെ ഉൽപ്പാദനത്തിലും നിക്ഷേപം തുടരുകയാണ്.

പ്രാദേശിക ഉൽപ്പാദനവും ഉപഭോക്താക്കളോടടുത്തുള്ള വിതരണസംവിധാനവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത സമീപകാല സംഭവവികാസങ്ങൾ വ്യക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.