കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ന്യൂനപക്ഷ സമുദായങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെ വർദ്ധിച്ചുവരുന്ന അക്രമങ്ങളിലും വ്യാജ പ്രചാരണങ്ങളിലും പ്രതിഷേധിച്ച് കൊൽക്കത്തയിൽ വൻ പ്രതിഷേധ റാലി സംഘടിപ്പിക്കാൻ തീരുമാനിച്ച് ക്രിസ്തീയ സംഘടനകൾ.
'ബംഗീയ ക്രൈസ്തവ പരിഷത്ത്' (BCP), 'ബംഗാൾ ക്രിസ്ത്യൻ കൗൺസിൽ' എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സംസ്ഥാനതല പ്രതിഷേധവും പ്രാർത്ഥനാ സംഗമവും സംഘടിപ്പിക്കുന്നത്.
ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ വാസന്തിയിൽ കഴിഞ്ഞ ദിവസം പുതിയ പള്ളി ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ വൈദികർക്കും വിശ്വാസികൾക്കും പരിക്കേറ്റിരുന്നു.
ബിഷപ്പിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലേക്ക് ഒരു സംഘം അതിക്രമിച്ചു കയറി അക്രമം നടത്തുകയും ആരാധനാലയം തകർക്കുകയും ചെയ്തു. ഇതിൽ പോലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് സംഘടനകൾ തെരുവിലിറങ്ങുന്നത്.
സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്ന അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ജനപ്രതിനിധികളോടും സർക്കാരിനോടും സംഘടനകൾ ആവശ്യപ്പെട്ടു. അതിക്രമങ്ങൾക്കെതിരെ സമാധാനപരമായ പ്രതിഷേധ റാലികളും ബോധവൽക്കരണ പരിപാടികളും തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.