ടെഹ്റാനിൽ മൂന്നു മണിക്കൂർ ചർച്ച; നിർണായക മുന്നേറ്റം പ്രഖ്യാപിക്കാനായിട്ടില്ലെന്ന് വിദേശകാര്യ വക്താവ്

ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള ഭിന്നത കുറയ്ക്കുന്നതിനായി നിർദേശങ്ങൾ കൈമാറുന്നതടക്കമുള്ള മധ്യസ്ഥശ്രമങ്ങൾ ഖത്തർ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി. മേഖലയിലെ സംഘർഷാവസ്ഥയ്ക്കിടയിലും ഇരുരാജ്യങ്ങളും ചർച്ചകളോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച ടെഹ്റാനിലെത്തിയ ഖത്തർ പ്രതിനിധിസംഘം ഇറാനിയൻ പ്രതിനിധികളുമായി ഏകദേശം മൂന്നു മണിക്കൂർ ചർച്ച നടത്തി. പരിഗണനയിലുള്ള വിവിധ നിർദേശങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ കൈമാറിയ സംഘം അന്നുതന്നെ ദോഹയിൽ തിരിച്ചെത്തി.

മധ്യസ്ഥർ മുന്നോട്ടുവച്ച ആശയങ്ങൾ ഇരുപക്ഷവും പരിശോധിക്കുകയാണ്. ആശയവിനിമയം തുടരുന്നത് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും പ്രത്യേകമായൊരു നിർണായക മുന്നേറ്റം ഉണ്ടായതായി ഇപ്പോൾ പറയാനാകില്ലെന്ന് അൽ അൻസാരി വ്യക്തമാക്കി.

ജിസിസി രാജ്യങ്ങളടക്കമുള്ള പ്രാദേശിക പങ്കാളികളുമായി ഏകോപിപ്പിച്ചാണ് ശ്രമങ്ങൾ. ഖത്തറിന്റെ വാതകക്കപ്പലായ ‘അൽ മയേദ’യ്ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച അദ്ദേഹം, ഹോർമുസ് കടലിടുക്കിലെയും ഗൾഫ് ജലപാതകളിലെയും നാവിഗേഷൻ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.