ദേശീയ കമാൻഡ് സെന്ററിൽ പ്രതികരണ സംവിധാനങ്ങൾ വിലയിരുത്തി ഉന്നത ഉദ്യോഗസ്ഥർ
ദോഹ: വിവിധ അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ദേശീയ പ്രതികരണ സംവിധാനത്തിന്റെ സജ്ജത ‘വതൻ 2026’ അഭ്യാസത്തിന്റെ ഭാഗമായി ഖത്തർ വിലയിരുത്തി. ദേശീയ കമാൻഡ് സെന്ററിലെത്തിയ ഉന്നത ഉദ്യോഗസ്ഥർ അഭ്യാസത്തിൽ ഉൾപ്പെടുത്തിയ സാഹചര്യങ്ങളെ നേരിടുന്നതിനുള്ള നടപടിക്രമങ്ങളും പ്രവർത്തനസംവിധാനങ്ങളും പരിശോധിച്ചു.
മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് അൽ അത്തിയ്യ, സായുധസേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ ജാസിം ബിൻ മുഹമ്മദ് അൽ മന്നായി, ദേശീയ സൈബർ സുരക്ഷാ ഏജൻസി പ്രസിഡന്റ് എൻജിനീയർ അബ്ദുൽറഹ്മാൻ അൽ മാൽക്കി, ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാകാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഷെയ്ഖ് നായിഫ് ബിൻ ഫാലിഹ് അൽ താനി എന്നിവർ പ്രത്യേകം സന്ദർശനം നടത്തി.
അഭ്യാസത്തിൽ അനുകരിക്കുന്ന വ്യത്യസ്ത സാഹചര്യങ്ങളോട് ദേശീയ സംവിധാനം എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് പരിശോധനയുടെ കേന്ദ്രവിഷയം. ബന്ധപ്പെട്ട നടപടിക്രമങ്ങളും പ്രതികരണരീതികളും ഉദ്യോഗസ്ഥർ വിലയിരുത്തി.