​ബെംഗളൂരു: പ്രണയബന്ധത്തെത്തുടർന്നുണ്ടായ തർക്കത്തെത്തുടർന്ന് ബെംഗളൂരുവിൽ ഇരുപത്തിരണ്ടുകാരനായ മലയാളി യുവാവ് കൊല്ലപ്പെട്ടു. പാലക്കാട് സ്വദേശി കിരൺ (22) ആണ് ക്രൂരമർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ കിരണിന്റെ തൊഴിലുടമയും പെൺകുട്ടിയുടെ പിതാവുമായ യെലഹങ്ക സ്വദേശി ആനന്ദിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.

​

​സ്വീറ്റ് കോൺ നിർമ്മാണ യൂണിറ്റ് നടത്തിവരുന്നയാളാണ് പിടിയിലായ ആനന്ദ്. ഇവിടെ കഴിഞ്ഞ രണ്ട് വർഷമായി ജോലി ചെയ്തുവരികയായിരുന്നു കിരൺ. ഈ തൊഴിലിടവുമായുള്ള ബന്ധത്തിനിടയിലാണ് ആനന്ദിന്റെ മകളായ പത്തൊൻപതുകാരിയുമായി കിരൺ പ്രണയത്തിലാകുന്നത്. മൈസൂരുവിൽ പഠനം നടത്തിവരുന്ന പെൺകുട്ടി കുറച്ചുദിവസങ്ങൾക്ക് മുമ്പ് അവധിക്കായി നാട്ടിൽ എത്തിയിരുന്നു.

​

​സംഭവദിവസം രാവിലെ ആനന്ദും ഭാര്യയും തമിഴ്‌നാട്ടിലേക്ക് യാത്രപോയിരുന്നു. ഇത് മനസ്സിലാക്കിയ കിരൺ പെൺകുട്ടിയെ കാണുന്നതിനായി ആനന്ദിന്റെ വീട്ടിലെത്തുകയായിരുന്നു. എന്നാൽ, യാത്രാമധ്യേ അപ്രതീക്ഷിതമായി ആനന്ദ് തിരികെ വീട്ടിലെത്തുകയും മകളെയും കിരണിനെയും വീടിനുള്ളിൽ ഒരുമിച്ച് കണ്ടെത്തുകയും ചെയ്തു.

ഇത് കടുത്ത പ്രകോപനത്തിന് കാരണമാവുകയായിരുന്നു.

​തുടർന്ന് മകളെ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറ്റിയ ശേഷം ആനന്ദ് കിരണിനെ ചോദ്യം ചെയ്യുകയും ബാറ്റ്, പൈപ്പ് തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിനിടയിൽ അടിവയറ്റിൽ ശക്തമായ ചവിട്ടേറ്റ കിരൺ കുഴഞ്ഞുവീണു.

​യുവാവ് അവശനിലയിലായതോടെ പ്രതിയായ ആനന്ദ് തന്നെയാണ് ഇയാളെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലേക്ക് അയച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കിരണിന്റെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

​ബെംഗളൂരുവിൽ പച്ചക്കറി കടയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന കിരണിന്റെ സഹോദരനൊപ്പമായിരുന്നു കിരൺ താമസിച്ചിരുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്‌ പ്രതിയായ ആനന്ദിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും തുടർന്നുള്ള അന്വേഷണം ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.