ജീവനക്കാർക്ക് പരിശീലനവും സ്റ്റാർട്ടപ്പുകൾക്ക് സാങ്കേതിക പിന്തുണയും നൽകും

ദുബായ്: സ്വകാര്യസ്ഥാപനങ്ങളിൽ ഏജന്റിക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപിപ്പിക്കാൻ ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ ഇക്കണോമിയും അലിബാബ ക്ലൗഡും ധാരണാപത്രത്തിൽ ഒപ്പുവച്ചു. പരിശീലനം, സ്റ്റാർട്ടപ്പ് പിന്തുണ, സ്ഥാപനങ്ങളിൽ എഐ സംവിധാനങ്ങൾ പരീക്ഷിച്ച് നടപ്പാക്കൽ എന്നിവയാണ് സഹകരണത്തിന്റെ പ്രധാന മേഖലകൾ.

ചൈനയിലെ ഷെൻഷെനിൽ നടന്ന ദുബായ് ബിസിനസ് ഫോറത്തിനിടെയാണ് ധാരണാപത്രം ഒപ്പുവച്ചത്. ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ ഇക്കണോമി വൈസ് പ്രസിഡന്റ് സഈദ് അൽ ഗർഗാവിയും അലിബാബ ക്ലൗഡ് ഇന്റലിജൻസ് പ്രതിനിധി ഡോ. ഫെയ്‌ഫെയ് ലിയും ഒപ്പുവച്ചു.

ദുബായ് ചേംബേഴ്‌സ് അക്കാദമിയിലൂടെ ജീവനക്കാർക്ക് പരിശീലനസാമഗ്രികൾ, സാങ്കേതിക ശിൽപ്പശാലകൾ, വിദഗ്ധരുടെ നേതൃത്വത്തിലുള്ള സെഷനുകൾ എന്നിവ ലഭ്യമാക്കും. സ്റ്റാർട്ടപ്പുകൾക്ക് സാങ്കേതിക മാർഗനിർദേശം, കംപ്യൂട്ടിങ് സൗകര്യങ്ങൾ, സോഫ്റ്റ്‌വെയർ ലൈസൻസുകൾ തുടങ്ങിയ പിന്തുണ നൽകാനും ധാരണയുണ്ട്.

സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ എഐ പരിഹാരങ്ങൾ പരീക്ഷിക്കുന്നതിനും വിജയകരമായ മാതൃകകൾ വിപുലപ്പെടുത്തുന്നതിനും ഇരുപക്ഷവും സഹകരിക്കും. എഐ ഉപയോഗത്തിലൂടെ ലഭിക്കുന്ന വ്യാപാരമൂല്യവും പ്രവർത്തനഫലവും വിലയിരുത്തുന്ന പഠനങ്ങളും നടത്തും.