കുവൈത്ത് സിറ്റി: ഏഷ്യൻ ക്ലബ് ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ അടുത്ത മൂന്ന് പതിപ്പുകൾ സംഘടിപ്പിക്കാനുള്ള ചുമതല കുവൈത്ത് ക്ലബിന് നൽകി ഏഷ്യൻ ഹാൻഡ്‌ബോൾ ഫെഡറേഷൻ. ലോക ക്ലബ് ചാമ്പ്യൻഷിപ്പായ ‘സൂപ്പർ ഗ്ലോബിലേക്കുള്ള’ യോഗ്യതാ മത്സരമായ ടൂർണമെന്റ് 2027, 2028, 2029 വർഷങ്ങളിൽ കുവൈത്ത് ക്ലബ് സംഘടിപ്പിക്കും.

കുവൈത്തിലെ ഫെഡറേഷൻ ആസ്ഥാനത്ത് ചേർന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ പതിപ്പ് വിജയകരമായി സംഘടിപ്പിച്ചതിലുള്ള വിശ്വാസമാണ് തുടർച്ചയായ മൂന്ന് ചാമ്പ്യൻഷിപ്പുകളുടെ ചുമതല ക്ലബിന് നൽകാൻ കാരണമെന്ന് ഫെഡറേഷൻ വ്യക്തമാക്കി.

മുൻ പതിപ്പിലെ മികച്ച സംഘാടനവും വിജയകരമായ നടത്തിപ്പുമാണ് തീരുമാനത്തിന് പ്രധാന പ്രേരണയായതെന്ന് ഏഷ്യൻ ഹാൻഡ്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് ബദർ അൽ ദിയാബ് പറഞ്ഞു. ഏഷ്യൻ ക്ലബ് ഹാൻഡ്‌ബോളിലെ പ്രധാന മത്സരത്തിന്റെ നിലവാരം ഉയർത്താനും അന്താരാഷ്ട്ര പ്രാധാന്യം ശക്തിപ്പെടുത്താനും തീരുമാനം സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വരാനിരിക്കുന്ന പതിപ്പുകൾക്ക് മികച്ച സാങ്കേതിക–സംഘാടന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി ഫെഡറേഷൻ പ്രവർത്തനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.