കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ സായുധസേനകൾ തമ്മിലുള്ള ഏകോപനവും സൈനിക സഹകരണവും ശക്തമാക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്ത് കുവൈത്ത്–ജിസിസി സൈനിക നേതൃത്വം. കുവൈത്ത് സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ ശുറൈആൻ, ജിസിസി സംയുക്ത സൈനിക കമാൻഡർ മേജർ ജനറൽ അബ്ദുൽ അസീസ് അൽ ബലവിയെ സ്വീകരിച്ചു.

പൊതുതാൽപര്യമുള്ള സൈനിക വിഷയങ്ങളും സംയുക്ത സൈനിക പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള സഹകരണവുമാണ് കൂടിക്കാഴ്ചയിൽ ചർച്ചയായത്. വിവിധ സൈനിക മേഖലകളിൽ ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ഏകോപനവും സംയോജനവും മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ഇരുപക്ഷവും വിലയിരുത്തി.

പെനിൻസുല ഷീൽഡ് സേനാ കമാൻഡർ മേജർ ജനറൽ മുഹമ്മദ് അൽ റുവൈസും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.