കുവൈത്ത്: പ്രവാസി മലയാളികൾക്കിടയിൽ കായികാവേശത്തിന്റെയും സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും പുതിയ അധ്യായം കുറിച്ച് കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈത്ത് (കെ.ഡി.എ) സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് സീസൺ 2 ആവേശകരമായ മത്സരങ്ങളോടെ സമാപിച്ചു. വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ ഫർവാനിയ ടീം ജേതാക്കളായപ്പോൾ ജഹ്റ ടീം റണ്ണറപ്പ് സ്ഥാനം കരസ്ഥമാക്കി.
പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കും ഉത്തരവാദിത്തങ്ങൾക്കുമിടയിൽ കായികപ്രേമികളെ ഒരേ മൈതാനത്ത് ഒരുമിപ്പിച്ച ടൂർണമെന്റ് മികച്ച സംഘാടന മികവും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി.
അൽ മുല്ല എക്സ്ചേഞ്ച് കുവൈത്ത് പ്രതിനിധി ശിവ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. അഹമ്മദ് അൽ മഗ്രിബ് കുവൈത്ത് പ്രതിനിധി മൻസൂർ കിക്കോഫ് നിർവഹിച്ചു. മലബാർ ഗോൾഡ് കൺട്രി മാനേജർ അഫ്സൽ, മെഡക്സ് പ്രതിനിധി റാഫി, അലിഫ് പെർഫ്യൂം മാനേജിങ് ഡയറക്ടർ സിറാജ് എരഞ്ഞിക്കൽ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ പ്രതിനിധികളും കെ.ഡി.എ മഹിളാവേദി പ്രസിഡന്റ് രേഖ, സെക്രട്ടറി ഷഹീജ ഷഹീർ, ട്രഷറർ നിജിഷ എന്നിവരും ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.
വിവിധ ടീമുകളിലെ കളിക്കാരുടെയും കായികപ്രേമികളുടെയും സംഘാടകരുടെയും സജീവ സാന്നിധ്യം ടൂർണമെന്റിനെ ആവേശകരമായ കായികമേളയാക്കി മാറ്റി. മൈതാനത്ത് ഓരോ ടീമും പുറത്തെടുത്ത പോരാട്ടവീര്യവും ഒത്തിണക്കവും മികച്ച കളിമികവും കാണികളിൽ ആവേശം നിറച്ചു. അവസാന നിമിഷം വരെ ആവേശം നിലനിർത്തിയ മത്സരങ്ങളും കളിക്കാർക്ക് പ്രോത്സാഹനവുമായി കാണികൾ നൽകിയ പിന്തുണയും ടൂർണമെന്റിന് മാറ്റുകൂട്ടി.
കായികമത്സരങ്ങൾക്കപ്പുറം പ്രവാസികൾക്കിടയിൽ സൗഹൃദവും ഐക്യവും പരസ്പര സഹകരണവും ഊട്ടിയുറപ്പിക്കുന്ന വേദിയായും ടൂർണമെന്റ് മാറി. കായികരംഗത്ത് കഴിവും അഭിരുചിയുമുള്ള പ്രവാസി മലയാളികൾക്ക് തങ്ങളുടെ പ്രതിഭ പ്രകടിപ്പിക്കാനും പുതിയ സൗഹൃദങ്ങൾ വളർത്തിയെടുക്കാനും അവസരമൊരുക്കിയ കെ.ഡി.എയുടെ ഈ സംരംഭം ഏറെ ശ്രദ്ധേയമായി.
പ്രവാസി സമൂഹത്തിൽ ആരോഗ്യകരമായ ജീവിതശൈലിയും കായികസംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം യുവതലമുറയെ കായികരംഗത്തേക്ക് ആകർഷിക്കാനും ഇത്തരം ടൂർണമെന്റുകൾക്ക് നിർണായക പങ്കുവഹിക്കാനാകുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
ടൂർണമെന്റിന്റെ വിജയത്തിനായി അണിയറയിൽ പ്രവർത്തിച്ച സംഘാടകസമിതി അംഗങ്ങൾ, സ്പോർട്സ് വിഭാഗം, ടീം മാനേജർമാർ, കളിക്കാർ, സന്നദ്ധപ്രവർത്തകർ, സാമ്പത്തികമായും മറ്റു രീതികളിലും പിന്തുണ നൽകിയ സ്പോൺസർമാർ, മത്സരം വീക്ഷിക്കാനെത്തിയ കായികപ്രേമികൾ തുടങ്ങി എല്ലാവരുടെയും കൂട്ടായ പരിശ്രമമാണ് പരിപാടിയുടെ വിജയത്തിന് പിന്നിലെന്ന് കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈത്ത് പ്രസിഡന്റ് മജീദ് എം.കെ., ജനറൽ സെക്രട്ടറി ഷാഫി കൊല്ലം, ട്രഷറർ പ്രകാശൻ കീഴരിയൂർ എന്നിവർ അറിയിച്ചു.
പ്രവാസലോകത്ത് സംഘടനാപ്രവർത്തനങ്ങൾക്കൊപ്പം കായിക, സാംസ്കാരിക, സാമൂഹിക മേഖലകളിലും സജീവമായ ഇടപെടലുകൾ നടത്തിവരുന്ന കെ.ഡി.എയുടെ പ്രവർത്തനങ്ങൾക്ക് ഫുട്ബോൾ ടൂർണമെന്റ് സീസൺ 2 കൂടുതൽ കരുത്തേകി. വരുംവർഷങ്ങളിലും കൂടുതൽ വിപുലമായ കായിക പരിപാടികൾ സംഘടിപ്പിച്ച് പ്രവാസി സമൂഹത്തിനിടയിൽ സജീവമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ഷൈജിത്ത്, മുസ്തഫ മൈത്രി, ഷെരീഖ്, ഹസീന, അനീച, നിധിൻ മോഹൻ
നൗഫൽ മൂടാടി ഫൈസൽ കാപ്പുങ്കര എന്നിവർ ടൂർണമെന്റിന്റെ നടത്തിപ്പിന് നേതൃത്വം നൽകി.
കെ.ഡി.എ സ്പോർട്സ് കൺവീനർ അരുൺ ലാൽ സ്വാഗതവും ഫുട്ബോൾ ടൂർണമെന്റ് കൺവീനർ റഷീദ് ഉള്ളിയേരി നന്ദിയും പറഞ്ഞു.