ദോഹ: ഖത്തറിലെ നിർമാണമേഖലയിൽ സാന്നിധ്യം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി അസിക്കോ ഗ്രൂപ്പ് സമഗ്ര നിർമാണ ഉൽപ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിച്ചു. ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ ഒക്ടോബർ 26 മുതൽ 28 വരെ നടന്ന ഏഴാമത് ‘ബിൽഡ് യുവർ ഹോം’ പ്രദർശനത്തിലാണ് കമ്പനി പങ്കെടുത്തത്.
നിർമാണം, രൂപകൽപ്പന, കെട്ടിടനിർമാണ സാമഗ്രികൾ, സ്മാർട്ട് സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിലെ കമ്പനികൾ പങ്കെടുത്ത മേളയിൽ അസിക്കോയുടെ ഉൽപ്പാദനശേഷിയും 35 വർഷത്തിലേറെയുള്ള പ്രവർത്തനപരിചയവും പരിചയപ്പെടുത്തി. കുവൈത്തിനു പുറമേ ഖത്തറിലും സൗദി അറേബ്യയിലും ഗ്രൂപ്പിന് നിർമാണ പ്രവർത്തനങ്ങളുണ്ട്.
2005ൽ സ്ഥാപിതമായ ഖത്തറിലെ കമ്പനിവഴി ഭാരം കുറഞ്ഞ സെല്ലുലാർ കോൺക്രീറ്റ് ഉൽപ്പന്നങ്ങളാണ് അസിക്കോ നൽകുന്നത്. ബ്ലോക്കുകൾ, ലിന്റലുകൾ, ഭിത്തികൾ, ബലപ്പെടുത്തിയ മേൽക്കൂരകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
ഉപഭോക്താക്കൾ, ഡെവലപ്പർമാർ, കരാറുകാർ, കൺസൾട്ടന്റുമാർ എന്നിവരുമായി നേരിട്ടുള്ള ബന്ധം ശക്തിപ്പെടുത്താനും വിപണിയുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും മേള സഹായിച്ചതായി മാർക്കറ്റിങ്, പബ്ലിക് റിലേഷൻസ്, കസ്റ്റമർ സർവീസ് വിഭാഗം ഡയറക്ടർ റസാൻ അൽ റൗദാൻ പറഞ്ഞു. ഖത്തർ ദേശീയ ദർശനം 2030നോട് ചേർന്ന് പുതിയ സഹകരണ സാധ്യതകൾ കണ്ടെത്താനാണ് ശ്രമമെന്നും അവർ വ്യക്തമാക്കി.