കുവൈത്ത് സിറ്റി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചൈനീസ് ഭാഷാപഠനം ശക്തിപ്പെടുത്തുന്നതിനുള്ള സഹകരണ സാധ്യതകൾ കുവൈത്തും ചൈനയും ചർച്ച ചെയ്തു. വിദ്യാഭ്യാസ മന്ത്രി എൻജിനീയർ സയ്യിദ് ജലാൽ അൽ തബ്തബാഇയും കുവൈത്തിലെ ചൈനീസ് അംബാസഡർ യാങ് ഷിനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് വിഷയം പരിഗണിച്ചത്.
നവംബർ നാലിന് രാവിലെ നടന്ന കൂടിക്കാഴ്ചയിൽ വിദ്യാഭ്യാസ–അധ്യാപന മേഖലകളിലെ സഹകരണവും ഏകോപനവും വിപുലപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ വിലയിരുത്തി. ചൈനീസ് അംബാസഡറോടൊപ്പം പ്രതിനിധിസംഘവും പങ്കെടുത്തു.
ചൈനീസ് ഭാഷ പഠിപ്പിക്കുന്ന അധ്യാപകരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് പരിശീലനവും യോഗ്യതാവികസന പരിപാടികളും പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്തു. വിദ്യാഭ്യാസപരിചയങ്ങളും അധ്യാപനരീതികളും കൈമാറുന്നതിനും പ്രാധാന്യം നൽകി.
ഭാഷാപഠനത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളുടെയും വിദ്യാഭ്യാസബന്ധം ശക്തിപ്പെടുത്തുന്നതിനുമായി ആശയവിനിമയവും ഏകോപനവും തുടരേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും വ്യക്തമാക്കി.