കുവൈത്ത് സിറ്റി: 2025–26 സാമ്പത്തികവർഷത്തിൽ 948.037 ദശലക്ഷം ദിനാറിന്റെ പുതിയ നേരിട്ടുള്ള നിക്ഷേപങ്ങൾ ആകർഷിച്ചതായി കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ അതോറിറ്റി അറിയിച്ചു. പതിനേഴ് നിക്ഷേപ സ്ഥാപനങ്ങൾ വഴിയാണ് നേട്ടം. ഇതോടെ 2015 മുതലുള്ള അംഗീകൃത നിക്ഷേപങ്ങളുടെ ആകെ മൂല്യം 2.92 ബില്യൺ ദിനാറായി.
കുവൈത്ത് നിക്ഷേപത്തിന് തുറന്നതും മത്സരക്ഷമതയുള്ളതും ഭാവിയെ സ്വീകരിക്കാൻ സജ്ജവുമായ വിപണിയാണെന്ന സന്ദേശമാണ് ഈ വളർച്ച നൽകുന്നതെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് ഡോ. മിഷ്അൽ അൽ ജാബർ പറഞ്ഞു.
മൂലധനത്തിന്റെ അളവിനൊപ്പം നിക്ഷേപങ്ങളുടെ ഗുണനിലവാരം, അറിവിന്റെയും സാങ്കേതികവിദ്യയുടെയും കൈമാറ്റം, സ്വദേശികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവയും പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘കുവൈത്ത് വിഷൻ 2035’ ലക്ഷ്യങ്ങൾക്കനുസരിച്ചുള്ള സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് നിക്ഷേപങ്ങൾ പിന്തുണ നൽകും.