2015 മുതലുള്ള അംഗീകൃത നിക്ഷേപങ്ങളുടെ ആകെ മൂല്യം 2.92 ബില്യൺ ദിനാറായി

കുവൈത്ത് സിറ്റി: 2025–26 സാമ്പത്തികവർഷത്തിൽ 948.037 ദശലക്ഷം ദിനാറിന്റെ പുതിയ നേരിട്ടുള്ള നിക്ഷേപങ്ങൾ ആകർഷിച്ചതായി കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ അതോറിറ്റി അറിയിച്ചു. പതിനേഴ് നിക്ഷേപ സ്ഥാപനങ്ങൾ വഴിയാണ് ഈ നേട്ടം കൈവരിച്ചത്. ഇതോടെ 2015 മുതലുള്ള അംഗീകൃത നിക്ഷേപങ്ങളുടെ ആകെ മൂല്യം 2.92 ബില്യൺ ദിനാറായി ഉയർന്നു.

കുവൈത്ത് നിക്ഷേപത്തിന് തുറന്നതും മത്സരക്ഷമതയുള്ളതും ഭാവിയെ സ്വീകരിക്കാൻ സജ്ജവുമായ വിപണിയാണെന്ന സന്ദേശമാണ് ഈ വളർച്ച നൽകുന്നതെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് ഡോ. മിഷ്അൽ അൽ ജാബർ വ്യക്തമാക്കി. വാർഷിക റിപ്പോർട്ടിലാണ് കണക്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

മൂലധനത്തിന്റെ അളവിനൊപ്പം നിക്ഷേപങ്ങളുടെ ഗുണനിലവാരം, സാങ്കേതികവിദ്യയുടെയും അറിവിന്റെയും കൈമാറ്റം, സ്വദേശികൾക്ക് ലഭിക്കുന്ന തൊഴിൽ–പരിശീലന അവസരങ്ങൾ എന്നിവയ്ക്കും പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിക്ഷേപകരുടെ വിപണിപ്രവേശനം സുഗമമാക്കുക, അനുമതിനടപടികൾ വേഗത്തിലാക്കുക, ഡിജിറ്റൽ സേവനങ്ങൾ വിപുലപ്പെടുത്തുക എന്നിവ അതോറിറ്റിയുടെ മുൻഗണനകളാണ്. സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും ‘കുവൈത്ത് വിഷൻ 2035’ ലക്ഷ്യങ്ങൾക്കും പിന്തുണ നൽകുന്ന നിക്ഷേപങ്ങൾ വർധിപ്പിക്കാനാണ് ശ്രമം.