കൊച്ചി: പ്രശസ്ത നടിയും നുതനകാല സിനിമകളിലെ സജീവ സാന്നിധ്യവുമായ മഞ്ജു പിള്ളയുടെയും പ്രശസ്ത ഛായാഗ്രാഹകൻ സുജിത് വാസുദേവിന്റെയും വിവാഹമോചനത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി മകൾ ദയ സുജിത്ത് രംഗത്ത്. മാതാപിതാക്കൾ പരസ്പരം അകലാനും വിവാഹമോചിതരാകാനും താനാണ് ആവശ്യപ്പെട്ടതെന്നും എന്നാൽ കുറച്ചുകൂടി നേരത്തേ ഇക്കാര്യം അവരോട് പറയേണ്ടതായിരുന്നുവെന്നും ദയ വ്യക്തമാക്കി.
പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.
മാതാപിതാക്കളുടെ വേർപിരിയൽ തനിക്ക് യാതൊരുവിധ മാനസിക ബുദ്ധിമുട്ടോ ട്രോമയോ ഉണ്ടാക്കിയിട്ടില്ലെന്ന് ദയ പറയുന്നു. അവർ പരസ്പരം കടുത്ത മാനസിക സംഘർഷത്തിലൂടെയും വിഷമങ്ങളിലൂടെയുമാണ് കടന്നുപോയിരുന്നത്. ഒരു ബന്ധത്തിൽ മറ്റുള്ളവരെ മാത്രം സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നതിനുപകരം സ്വന്തം സന്തോഷത്തിനും മാനസികാരോഗ്യത്തിനുമാണ് പ്രാധാന്യം നൽകേണ്ടതെന്നും ദയ കൂട്ടിച്ചേർത്തു.
ഇരുവരും ഒന്നിച്ച് ജീവിച്ച കാലഘട്ടത്തിൽ കടുത്ത മാനസിക പ്രയാസങ്ങൾ അനുഭവിച്ചിരുന്നുവെന്നും, തനിക്ക് വേണ്ടി മാത്രം ആ ബന്ധം തുടരേണ്ടതില്ലെന്നും പിരിയുന്നതിനെക്കുറിച്ച് ചിന്തിക്കാൻ താൻ തന്നെയാണ് ആവശ്യപ്പെട്ടതെന്നും ദയ പറഞ്ഞു.
സമൂഹം എന്തുവിചാരിക്കുമെന്ന ആശങ്ക ഇരുവർക്കുമുണ്ടായിരുന്നുവെങ്കിലും കാലക്രമേണ ആളുകൾ ഇതെല്ലാം മറക്കുമെന്നും സ്വന്തം സന്തോഷമാണ് വലുതെന്നും താൻ ബോധ്യപ്പെടുത്തുകയായിരുന്നു.
വിവാഹമോചനത്തിനുശേഷം ഇരുവരുടെയും ജീവിതം കൂടുതൽ മികച്ചതായെന്നും കരിയറിലും ആരോഗ്യത്തിലുമെല്ലാം വളരെ നല്ല മാറ്റങ്ങളാണ് ഉണ്ടായതെന്നും ദയ വ്യക്തമാക്കി.
അമ്മയ്ക്ക് അന്ന് സ്ത്രീ എന്ന നിലയിലും സിനിമാ മേഖലയിലെ സാഹചര്യങ്ങൾ മൂലവും ഒരുപാട് വിദ്വേഷ കമന്റുകളും (ഹേറ്റ് കമന്റ്സ്) നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, വേർപിരിയലിന് ശേഷം അമ്മയുടെ കരിയറും ആരോഗ്യവും കൂടുതൽ മികച്ച നിലയിലായി. അച്ഛന് അദ്ദേഹത്തിന്റെ പാഷൻ പിന്തുടരാൻ സാധിച്ചതായും ദയ കൂട്ടിച്ചേർത്തു.