കൊച്ചി: നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'രാമായണ'ത്തിന് സംഗീതം ഒരുക്കാൻ ഹോളിവുഡ് സംഗീത ഇതിഹാസം ഹാൻസ് സിമ്മർ ഒപ്പുവെച്ചത് ചിത്രത്തിന്റെ വിശദാംശങ്ങളടങ്ങിയ പ്രസന്റേഷൻ (പിച്ച് ഡെക്ക്) പോലും കാണാതെയാണെന്ന് നിർമാതാവ് നമിത് മൽഹോത്ര വെളിപ്പെടുത്തി.
ഇന്ത്യയുടെ ദൈവങ്ങളും പാരമ്പര്യങ്ങളും പടിഞ്ഞാറൻ ലോകത്തിന് എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കിയാണ് ഓസ്കാർ ജേതാവായ ഹാൻസ് സിമ്മർ ഈ ബിഗ് ബജറ്റ് പ്രൊജക്റ്റിലേക്ക് എത്തിയത്.
ന്യൂയോർക്കിൽ വെച്ച് ഹാൻസ് സിമ്മറെ കണ്ടുമുട്ടിയ അനുഭവമാണ് നിർമാതാവ് നമിത് മൽഹോത്ര പങ്കുവെച്ചത്.
സിനിമയുടെ ആശയങ്ങളും ചിത്രങ്ങളും അടങ്ങിയ വലിയൊരു പ്രസന്റേഷൻ (പിച്ച് ഡെക്ക്) താൻ തയ്യാറാക്കിയിട്ടുണ്ടായിരുന്നുവെന്നും എന്നാൽ ആറോ ഏഴോ പേജുകൾ കാണിച്ചപ്പോൾ തന്നെ 'നാമിത്, കുഴപ്പമില്ല, ഇത് കാണേണ്ടതില്ല' എന്ന് ഹാൻസ് സിമ്മർ പറയുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രൊജക്റ്റിന്റെ വിഷൻ എന്താണെന്ന് ഒറ്റനോട്ടത്തിൽ തന്നെ ആ ഹോളിവുഡ് സംഗീതജ്ഞന് മനസ്സിലാക്കാൻ സാധിച്ചു.
തികച്ചും വ്യത്യസ്തമായ രണ്ട് സംസ്കാരങ്ങൾ തമ്മിൽ എത്രത്തോളം സാദൃശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞതാണ് തന്നെ ഇതിലേക്ക് ആകർഷിച്ചതെന്ന് ഹാൻസ് സിമ്മർ പറഞ്ഞു. (സിനിമയുടെ കഥയോ ആശയമോ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കയ്യിൽ കരുതിയിരുന്ന ആമുഖ വിവരങ്ങളാണ് 'പിച്ച് ഡെക്ക്' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്).
ഇന്ത്യൻ സംഗീത ഇതിഹാസം എ.ആർ. റഹ്മാനും ഹാൻസ് സിമ്മറും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'രാമായണ'ത്തിനുണ്ട്. ചിത്രത്തിന്റെ പാട്ടുകളും തീമുകളും ഇരുവരും പരസ്പരം പങ്കുവെച്ചാണ് ഒരുക്കിയത്.
വ്യത്യസ്തമായ ശൈലികളിൽ പ്രവർത്തിച്ച ശേഷം ഇരുതാരങ്ങളും ഒരുമിച്ച് ചേർന്ന് മികച്ച ഔട്ട്പുട്ട് കണ്ടെത്തുകയായിരുന്നു.
എ.ആർ. റഹ്മാനും ഹാൻസ് സിമ്മറും ഒന്നിക്കുന്നത് ചിത്രത്തിന്റെ ഗതിയെത്തന്നെ മാറ്റുമെന്നും, ന്യൂസിലൻഡിലോ യൂറോപ്പിലോ ഉള്ള പ്രേക്ഷകർ ഹാൻസ് സിമ്മറുടെ പേര് കാണുമ്പോൾ ചിത്രം കാണാൻ താൽപ്പര്യപ്പെടുമെന്നും റഹ്മാൻ അഭിപ്രായപ്പെട്ടു. രൺബീർ കപൂർ നായകനാകുന്ന ഈ ചിത്രം റിലീസിന് ഒരുങ്ങുകയാണ്.