മാധുബാനി: ബീഹാറിലെ മാധുബാനിയിൽ പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ASI) നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ പ്രദേശത്ത് വൻ ജനരോഷം. ക്രമസമാധാന നില പൂർണ്ണമായും തകർന്നതോടെ ജില്ലാ മജിസ്ട്രേറ്റിന് (DM) നേരെ ജനക്കൂട്ടത്തിന്റെ ആക്രമണുണ്ടായി.
സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ തെരുവിലിറങ്ങി ശക്തമായ പ്രതിഷേധം ഉയർത്തി. പ്രതിഷേധത്തിനിടെ പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ ജില്ലാ കളക്ടറെ (DM) സ്ത്രീകൾ ഉൾപ്പെടെയുള്ള ജനക്കൂട്ടം കോളറിൽ പിടിച്ചുവലിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തു.
സുരക്ഷാ ഉദ്യോഗസ്ഥർ ഉടനടി ഇടപെട്ട് തടയാൻ ശ്രമിച്ചെങ്കിലും നിയന്ത്രണാതീതമായ ജനരോഷത്തിന് മുന്നിൽ അധികൃതർ പതറി.
എ.എസ്.ഐ വെടിവെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വെടിവെപ്പിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയ്ക്കെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്.
പ്രദേശത്ത് സംഘർഷാവസ്ഥ അയവില്ലാതെ തുടരുന്നതിനാൽ വൻ പോലീസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുന്നതായാണ് റിപ്പോർട്ടുകൾ.