കുവൈത്ത് സിറ്റി: സൗദി അറേബ്യയുടെ സുരക്ഷ കുവൈത്തിന്റെയും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെയും സുരക്ഷയിൽനിന്ന് വേർതിരിക്കാനാകാത്തതാണെന്ന് ഉപപ്രധാനമന്ത്രിയും മന്ത്രിസഭാകാര്യ സഹമന്ത്രിയുമായ ഷെരീദ അൽ മുഅവ്ശർജി. സൗദിയുടെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള നടപടികൾക്ക് കുവൈത്തിന്റെ പൂർണ പിന്തുണയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
സൗദിക്കെതിരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ അപലപിക്കുന്ന കുവൈത്തിന്റെ നിലപാട് അദ്ദേഹം ആവർത്തിച്ചു. സൗദിയോട് കുവൈത്തിന് സമ്പൂർണ ഐക്യദാർഢ്യമുണ്ടെന്നും രാജ്യത്തിനൊപ്പം ഉറച്ചുനിൽക്കുമെന്നും മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
സൗദിയുടെ സുരക്ഷ സംരക്ഷിക്കുന്നതിനുള്ള നടപടികൾക്ക് പിന്തുണ നൽകുന്നത് ഗൾഫ് രാജ്യങ്ങളുടെ പൊതുസുരക്ഷയോടുള്ള കുവൈത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.