നവംബർ 15 വരെ നടക്കുന്ന മേളയിൽ 17 ലക്ഷം ശീർഷകങ്ങൾ; ഒമാൻ അതിഥിരാജ്യം
ഷാർജ: വായനയുടെയും സാഹിത്യത്തിന്റെയും ആഗോള സംഗമമായി 45ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ നാല് ബുധനാഴ്ച ആരംഭിക്കും. ഷാർജ എക്സ്പോ സെന്ററിൽ നവംബർ 15 വരെ നടക്കുന്ന മേളയിൽ 126 രാജ്യങ്ങളിൽനിന്നുള്ള 3,212 പ്രസാധകരും പ്രദർശകരും പങ്കെടുക്കും. വിവിധ ഭാഷകളിലായി 17 ലക്ഷം പുസ്തകശീർഷകങ്ങളാണ് അവതരിപ്പിക്കുന്നത്.
ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിൽ ‘മെയ്ഡ് ഓഫ് സ്റ്റോറീസ്’ എന്ന പ്രമേയത്തിലാണ് മേള. പന്ത്രണ്ടു ദിവസങ്ങളിലായി 1,500 സാംസ്കാരിക, സർഗാത്മക, കലാപരിപാടികൾ നടക്കും. 25 രാജ്യങ്ങളിൽനിന്നുള്ള 106 അതിഥികൾ വിവിധ സെഷനുകളിൽ പങ്കെടുക്കും.
അതിഥിരാജ്യമായ ഒമാൻ സാഹിത്യം, ചരിത്രം, പൈതൃകം, കല എന്നിവ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടികൾ അവതരിപ്പിക്കും. കുട്ടികൾക്കുള്ള ശിൽപ്പശാലകൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, നാടകാവതരണങ്ങൾ, പാചകപരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
മേളയിലേക്കുള്ള യാത്ര സുഗമമാക്കാൻ ദുബായിലെ ഇത്തിസാലാത്ത് മെട്രോ സ്റ്റേഷനിൽനിന്നും അജ്മാൻ സിറ്റി സെന്ററിൽനിന്നും ദിവസേന ബസ് സർവീസുകൾ ഏർപ്പെടുത്തും. ഷാർജയിലെ രണ്ട് കേന്ദ്രങ്ങളിൽനിന്ന് സൗജന്യ ബോട്ട് സർവീസും അധിക പാർക്കിങ് കേന്ദ്രങ്ങളിൽനിന്ന് ഷട്ടിൽ ബസുകളും ലഭ്യമാക്കും.