നിക്ഷേപകരുടെ വിശ്വാസം ശക്തിപ്പെടുത്താൻ നിയമസംവിധാനം വികസിപ്പിക്കുമെന്ന് ഖത്തർ
ദോഹ: സാമ്പത്തികവും സാങ്കേതികവുമായ മാറ്റങ്ങൾക്കിടയിൽ തർക്കപരിഹാര സംവിധാനങ്ങളുടെ ഭാവി ചർച്ച ചെയ്യുന്ന ആറാമത് അന്താരാഷ്ട്ര ആർബിട്രേഷൻ സമ്മേളനത്തിന് ദോഹയിൽ തുടക്കമായി. ഖത്തർ ചേംബറിനു കീഴിലെ ഖത്തർ ഇന്റർനാഷണൽ സെന്റർ ഫോർ കൺസിലിയേഷൻ ആൻഡ് ആർബിട്രേഷനാണ് സംഘാടകർ.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന സമ്മേളനം നീതിന്യായ മന്ത്രി ഇബ്രാഹിം ബിൻ അലി അൽ മുഹന്നദി ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിൽനിന്നുള്ള ജഡ്ജിമാരും മധ്യസ്ഥരും നിയമവിദഗ്ധരും പങ്കെടുക്കുന്നു.
നിക്ഷേപകരുടെ വിശ്വാസം വർധിപ്പിക്കുന്നതിനും സ്ഥിരതയുള്ള നിയമാന്തരീക്ഷം ഉറപ്പാക്കുന്നതിനും ഖത്തർ നിയമപരിഷ്കരണങ്ങൾ തുടരുകയാണെന്ന് മന്ത്രി പറഞ്ഞു. ആർബിട്രേഷൻ, മധ്യസ്ഥത, അനുരഞ്ജനം എന്നിവ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനാണ് പ്രാധാന്യം.
ആവശ്യമായ നിയമപരിരക്ഷ ഉറപ്പാക്കി ഡിജിറ്റൽ സാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ഉപയോഗിച്ച് തർക്കപരിഹാര നടപടികൾ ലളിതമാക്കുന്നതും ചർച്ചകളിലുണ്ട്. നടപടിക്രമങ്ങളുടെ നീതിപൂർവകതയും അവകാശസംരക്ഷണവും നിയമപരമായ വ്യക്തതയും ഉറപ്പാക്കണമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.