വ്യക്തികൾക്കും സംരംഭകർക്കും സർക്കാർ സ്ഥാപനങ്ങൾക്കും സേവനം; ‘കുവൈത്ത് ഐഡി’ വഴി പ്രവേശനം
കുവൈത്ത് സിറ്റി: വിവിധ ഇലക്ട്രോണിക് സേവനങ്ങൾ ഒരൊറ്റ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിനുള്ള ഏകീകൃത ഡിജിറ്റൽ പോർട്ടലുമായി കുവൈത്ത് വാണിജ്യ–വ്യവസായ മന്ത്രാലയം. ‘വൺ മോസി’ എന്ന സംവിധാനത്തിലൂടെ വ്യക്തികൾക്കും സംരംഭകർക്കും സർക്കാർ സ്ഥാപനങ്ങൾക്കും മന്ത്രാലയത്തിന്റെ സേവനങ്ങളിലേക്ക് പ്രവേശിക്കാനാകും.
സിവിൽ ഐഡി നമ്പർ നൽകി ‘ഹവിയതി’ അഥവാ ‘കുവൈത്ത് ഐഡി’ ആപ്ലിക്കേഷനിലൂടെ തിരിച്ചറിയൽ സ്ഥിരീകരിച്ചാണ് പോർട്ടലിൽ പ്രവേശിക്കേണ്ടത്. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഏകീകൃത സേവന പോർട്ടലിലേക്കുള്ള പ്രവേശനസൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്.
കമ്പനി രൂപവത്കരണം, വ്യാപാര ലൈസൻസുകൾ, ട്രേഡ്മാർക്ക് രജിസ്ട്രേഷൻ, വ്യക്തിഗത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങിയ സേവനങ്ങൾ ഏകോപിപ്പിക്കുന്നതാണ് സംവിധാനത്തിന്റെ ലക്ഷ്യം. വിവിധ സേവനങ്ങളുടെ സംയോജനം ഘട്ടംഘട്ടമായാണ് മുന്നോട്ടുപോകുന്നത്.
ഉപയോക്താക്കൾക്ക് മാർഗനിർദേശം നൽകുന്നതിനായി കൃത്രിമബുദ്ധിയുടെ പിന്തുണയുള്ള സഹായസംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. സേവനങ്ങളിലേക്കുള്ള പ്രവേശനം ലളിതമാക്കുന്നതിനും ഡിജിറ്റൽ ഇടപാടുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമാണ് മന്ത്രാലയം പ്രാധാന്യം നൽകുന്നത്.