വിദ്യാർഥികൾക്കും അധ്യാപകർക്കും സ്കൂൾ ഭരണവിഭാഗത്തിനും പരിഗണന; സമ്മാനത്തുക ആയിരം മുതൽ മൂവായിരം ദിനാർ വരെ
കുവൈത്ത് സിറ്റി: വിദ്യാഭ്യാസരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കും സൃഷ്ടിപരമായ ഇടപെടലുകൾക്കും അംഗീകാരം നൽകുന്നതിനായി ‘കുവൈത്ത് വിദ്യാഭ്യാസ മികവ് പുരസ്കാരം’ ഒരുക്കി വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർഥികൾ, അധ്യാപകർ, സ്കൂൾ ഭരണവിഭാഗം എന്നീ മൂന്ന് വിഭാഗങ്ങളിലായി 54 പേരെയാണ് ആദരിക്കുക. ആയിരം മുതൽ മൂവായിരം ദിനാർ വരെയാണ് പുരസ്കാരത്തുക.
പഠനത്തിലും അധ്യാപനത്തിലും ഭരണനിർവഹണത്തിലും മാതൃകാപരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. അധ്യാപകർക്കൊപ്പം വകുപ്പ് മേധാവികൾക്കും സ്കൂൾ ഭരണസംഘങ്ങൾക്കും പരിഗണന നൽകുന്ന പുരസ്കാരം വിവിധ വിദ്യാഭ്യാസ ഘട്ടങ്ങളെയും മേഖലകളെയും ഉൾക്കൊള്ളും.
പുരസ്കാരങ്ങൾക്കായി 2026–27 സാമ്പത്തികവർഷത്തെ ബജറ്റിൽനിന്ന് 90,000 ദിനാർ അനുവദിക്കാൻ ധനമന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. സിവിൽ സർവീസ് കമ്മിഷന്റെ അനുമതിയും നിലവിലുള്ള ചട്ടങ്ങളുടെ പാലനവും നിബന്ധനയാണ്. സമാനമായ മറ്റു പുരസ്കാരത്തുകകളുമായി ഇത് ഒരുമിച്ച് കൈപ്പറ്റാൻ അനുവദിക്കില്ല.
പ്രവർത്തനമികവ്, നവീകരണം, സുസ്ഥിരത എന്നിവ വിലയിരുത്തുന്ന മാനദണ്ഡങ്ങളിലൂടെ സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. മികച്ച വിദ്യാഭ്യാസ മാതൃകകൾ കണ്ടെത്തി മറ്റു സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും പുരസ്കാരം സഹായകമാകും.