മുംബൈ: വിവാഹത്തിന്റെ ആദ്യ നാളുകളിൽ ഭാര്യയും പ്രശസ്ത നടിയുമായ ജയ ബച്ചൻ തന്നെ സ്നേഹത്തോടെ 'ലംബൂജി' എന്നാണ് വിളിച്ചിരുന്നതെന്നും എന്നാൽ അച്ഛൻ ഹരിവംശറായ് ബച്ചൻ ഇടപെട്ട് അത് തടയുകയായിരുന്നുവെന്നും വെളിപ്പെടുത്തി ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ.
ജനപ്രിയ റിയാലിറ്റി ഷോയായ 'കോൺ ബനേഗാ ക്രോർപതി 18'-ന്റെ (KBC 18) പ്രത്യേക എപ്പിസോഡിനിടെയാണ് ബിഗ് ബി തന്റെ വ്യക്തിജീവിതത്തിലെ ഈ രസകരമായ അനുഭവം പങ്കുവെച്ചത്.
വരാനിരിക്കുന്ന 'രാമായണം' സിനിമയുടെ പ്രചാരണാർത്ഥം നടൻ രൺബീർ കപൂർ, സായ് പല്ലവി, രവി ദുബെ എന്നിവർ ഷോയിൽ അതിഥികളായി എത്തിയപ്പോഴായിരുന്നു ഈ സംഭാഷണം.
ബച്ചൻ കുടുംബത്തിലെയും രൺബീറിന്റെ കുടുംബത്തിലെയും പങ്കാളികൾ തമ്മിലുള്ള ഉയരവ്യത്യാസത്തെക്കുറിച്ച് രൺബീർ സംസാരിച്ചതാണ് ഈ തമാശനിമിഷങ്ങൾക്ക് തുടക്കമിട്ടത്. 6 അടി 2 ഇഞ്ച് ഉയരമുള്ള അമിതാഭ് ബച്ചനും 5 അടി 3 ഇഞ്ചോളം ഉയരമുള്ള ജയ ബച്ചനും തമ്മിലുള്ള ഉയരവ്യത്യാസം പോലെയാണ് താനും ഭാര്യ ആലിയ ഭട്ടും തമ്മിലുള്ളതെന്ന് രൺബീർ തമാശരൂപേണ പറഞ്ഞു.
ഇതിന് മറുപടിയായാണ് തങ്ങളുടെ ആദ്യകാലത്തെ ഈ രസകരമായ സംഭവം അമിതാഭ് ബച്ചൻ ഓർത്തെടുത്തത്. വിവാഹം കഴിഞ്ഞ് വർഷങ്ങളോളം ജയ തന്നെ 'ലംബൂജി' (ഉയരക്കൂടുതലുള്ളയാൾ എന്ന അർത്ഥത്തിൽ) എന്നാണ് വിളിച്ചിരുന്നതെന്ന് ബച്ചൻ പറഞ്ഞു.
എന്നാൽ ഒരുദിവസം പിതാവും പ്രശസ്ത കവിയുമായ ഹരിവംശറായ് ബച്ചൻ ഇതിൽ ഇടപെടുകയായിരുന്നു. "ഇങ്ങനെ വിളിക്കരുത്, ഒന്നുകിൽ പേര് വിളിക്കുക അല്ലെങ്കിൽ മറ്റെന്തെങ്കിലും പേരിട്ട് വിളിക്കുക" എന്ന് അദ്ദേഹം ജയയോട് ആവശ്യപ്പെട്ടു. അച്ഛന്റെ നിർദ്ദേശത്തിനുശേഷം ജയ തന്നെ പേര് വിളിക്കാൻ തുടങ്ങുകയായിരുന്നുവെന്ന് അമിതാഭ് ബച്ചൻ ചിരിച്ചുകൊണ്ട് വ്യക്തമാക്കി.