അർഹരായ സ്ഥാപനങ്ങൾക്ക് ‘സൈബർ എസൻഷ്യൽസ്’ നേടാൻ സർക്കാർ സഹായം
ലണ്ടൻ: സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് പിന്തുണയുമായി ബ്രിട്ടീഷ് സർക്കാർ. ‘സൈബർ എസൻഷ്യൽസ്’ സർട്ടിഫിക്കേഷന്റെ ചെലവിൽ അർഹരായ സ്ഥാപനങ്ങൾക്ക് 75 ശതമാനം ഇളവ് നൽകുന്ന പദ്ധതി പ്രഖ്യാപിച്ചു.
ഇളവിനുശേഷം സ്ഥാപനങ്ങളുടെ വലുപ്പമനുസരിച്ച് സർട്ടിഫിക്കേഷൻ ചെലവ് വാറ്റിനു പുറമേ 80 മുതൽ 125 പൗണ്ടുവരെയാകും. കഴിഞ്ഞ നാലുവർഷത്തിനിടെ സർട്ടിഫിക്കേഷൻ നേടിയിട്ടില്ലാത്ത അർഹരായ സ്ഥാപനങ്ങൾക്കാണ് ‘ഫസ്റ്റ് സ്റ്റെപ്പ് ഫണ്ട്’ വഴിയുള്ള സഹായം. അനുവദിച്ച തുക തീരുന്നതുവരെയോ 2027 മാർച്ചുവരെയോ മുൻഗണനാക്രമത്തിൽ ആനുകൂല്യം ലഭിക്കും.
വലിയ സ്ഥാപനങ്ങളുടെ വിതരണശൃംഖലയിൽ പ്രവർത്തിക്കുന്ന അർഹരായ ചില ചെറുകിട സ്ഥാപനങ്ങൾക്ക് മറ്റൊരു പദ്ധതിയിലൂടെ പൂർണമായും സൗജന്യ സർട്ടിഫിക്കേഷനും ലഭ്യമാക്കും. തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങൾക്ക് സൈബർ സുരക്ഷാ ഉപദേഷ്ടാവിന്റെ സഹായവും നൽകും.
ഡിജിറ്റൽ സംവിധാനങ്ങളിലെ അടിസ്ഥാന സുരക്ഷ ഉറപ്പാക്കാനും സാധാരണ ഓൺലൈൻ ആക്രമണങ്ങൾക്കെതിരായ പ്രതിരോധം മെച്ചപ്പെടുത്താനുമാണ് പദ്ധതി. സുരക്ഷിത സോഫ്റ്റ്വെയർ വികസനരീതികൾ പ്രോത്സാഹിപ്പിക്കാൻ വ്യവസായസ്ഥാപനങ്ങളുമായുള്ള സഹകരണവും സർക്കാർ വിപുലപ്പെടുത്തും.