കുടുംബകാര്യ സുപ്രീം കൗൺസിലിൽ മന്ത്രിയുടെ പരിശോധന; സേവനങ്ങൾ വേഗത്തിലാക്കാൻ നിർദേശം
കുവൈത്ത് സിറ്റി: അഭയകേന്ദ്രങ്ങളിലും ശിശുസംരക്ഷണ കേന്ദ്രത്തിലും തുടർച്ചയായ നിരീക്ഷണവും മേൽനോട്ടവും ഉറപ്പാക്കണമെന്ന് സാമൂഹികകാര്യ–കുടുംബ–ശിശുക്ഷേമ മന്ത്രി ഡോ. അംഥാൽ അൽ ഹുവൈല നിർദേശിച്ചു. സഹായം തേടിയെത്തുന്നവർക്ക് സുരക്ഷിതവും സ്ഥിരതയുള്ളതുമായ അന്തരീക്ഷം ഒരുക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്ന് മന്ത്രി വ്യക്തമാക്കി.
കുടുംബകാര്യ സുപ്രീം കൗൺസിലിൽ നടത്തിയ സന്ദർശനത്തിനിടെയാണ് നിർദേശം. കൗൺസിലിന്റെ പ്രവർത്തനക്രമം, അഭയകേന്ദ്രങ്ങളുടെ സ്ഥിതി, ശിശുസംരക്ഷണ കേന്ദ്രത്തിന്റെ പ്രവർത്തനം, വിവിധ വിഭാഗങ്ങൾക്ക് ലഭ്യമാക്കുന്ന സേവനങ്ങൾ എന്നിവ മന്ത്രി പരിശോധിച്ചു.
കേസുകളുടെ തുടർപരിശോധനയിലും സേവനനിലവാരം മെച്ചപ്പെടുത്തുന്നതിലും ഉദ്യോഗസ്ഥരും ജീവനക്കാരും നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. ബന്ധപ്പെട്ട വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം ശക്തമാക്കാനും സേവനങ്ങൾ ലഭ്യമാക്കുന്നതിലെ തടസ്സങ്ങൾ നീക്കി നടപടികൾ വേഗത്തിലാക്കാനും ആവശ്യപ്പെട്ടു.
കുട്ടികളുടെയും സഹായം ആവശ്യമായ കുടുംബങ്ങളുടെയും സംരക്ഷണവും അവകാശങ്ങളും ഉറപ്പാക്കുന്നത് കൗൺസിലിന്റെ പ്രധാന ഉത്തരവാദിത്വമാണെന്ന് അൽ ഹുവൈല പറഞ്ഞു. നേരിട്ടുള്ള പരിശോധനകൾ തുടരുകയും പ്രവർത്തനരീതികൾ വികസിപ്പിക്കുകയും വേണമെന്നും മന്ത്രി വ്യക്തമാക്കി.