ദുബായ് — ഹോർമുസ് കടലിടുക്കിൽ മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് എണ്ണക്കപ്പലുകൾക്കും ഒരു ടഗ്ബോട്ടിനും തീപിടിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ അറിയിച്ചു. ഇറാൻ അനുമതി നൽകിയിട്ടില്ലെന്ന് സേന പറയുന്ന പാതകളിലൂടെ കപ്പലുകൾ സഞ്ചരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവങ്ങളെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കടലിടുക്കിനു തെക്കുള്ള പാതയിലൂടെ കടക്കാൻ ശ്രമിച്ച എണ്ണക്കപ്പൽ കടൽമൈനിൽ തട്ടിയെന്നാണ് ഇറാന്റെ വിശദീകരണം. കിഴക്കൻ ഭാഗത്തുകൂടി കടലിടുക്ക് വിട്ടുപോകുന്നതിനിടെ മറ്റൊരു വമ്പൻ എണ്ണക്കപ്പലിനും തീപിടിച്ചു. ഈ കപ്പലിലെ തീയണയ്ക്കാൻ സമീപിച്ച ടഗ്ബോട്ടിലേക്കും തീ പടർന്നതായി സേന അറിയിച്ചു.
കപ്പലുകളുടെ പേരോ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന വിവരമോ ഇറാൻ പുറത്തുവിട്ടിട്ടില്ല.