കുവൈത്ത് സിറ്റി — കുവൈത്തിലെ സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽനിന്ന് 19 കമ്പനികളെ വിലക്കി. സർക്കാർ വകുപ്പുകൾക്കുവേണ്ടി സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സ് ക്ഷണിക്കുന്ന ടെൻഡറുകൾക്കാണ് വിലക്ക് ബാധകമെന്ന് അൽ സിയാസ റിപ്പോർട്ട് ചെയ്തു. പൊതുടെൻഡറുകളുമായി ബന്ധപ്പെട്ട 2016ലെ 49-ാം നമ്പർ നിയമത്തിലെ 85-ാം വകുപ്പ് പ്രകാരമാണ് ഏജൻസിയുടെ ഡയറക്ടർ ബോർഡ് നടപടി സ്വീകരിച്ചത്.
വ്യാപാരം, കരാർപ്പണി, എൻജിനീയറിങ്, ഭക്ഷ്യവിതരണം, വാഹന വാടക, പെട്രോളിയം ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിലെ കമ്പനികൾ നടപടിക്കു വിധേയമായി. ടെൻഡറിൽ പങ്കെടുക്കുന്നതിനുള്ള വിലക്കിന്റെ കാലാവധി കമ്പനികൾക്കനുസരിച്ച് വ്യത്യസ്തമാണ്. ചില വിലക്കുകൾ അഞ്ചുവർഷം വരെയാണ്.
കമ്പനികളെ നിശ്ചിത കാലത്തേക്കോ സ്ഥിരമായോ രജിസ്റ്ററിൽനിന്ന് നീക്കൽ, കരാറിനായി നൽകിയ അന്തിമ ജാമ്യം കണ്ടുകെട്ടൽ, മുന്നറിയിപ്പ് നൽകൽ തുടങ്ങിയ നടപടികളും ബോർഡിന്റെ തീരുമാനങ്ങളിൽ ഉൾപ്പെടുന്നു.