കണ്ണൂർ: കാൻസർ ബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ അന്തരിച്ച ചലച്ചിത്ര പ്രവർത്തകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ലേഖ അംബുജാക്ഷന്റെ (44) വിയോഗത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വൻ വിവാദം.
രോഗത്തോടുള്ള പൊരുതലും ജീവിതത്തിലെ സന്തോഷ നിമിഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ലക്ഷക്കണക്കിന് ആളുകളുടെ പിന്തുണ നേടിയ കുടുംബത്തിനെതിരെയാണ് മരണശേഷവും ഒരു വിഭാഗം ആളുകൾ സൈബർ ആക്രമണവുമായി രംഗത്തെത്തിയിരിക്കുന്നത്.
അർബുദ ബാധിതയായതിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി കണ്ണൂരിലെയും കോഴിക്കോട്ടെയും വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു ലേഖ. 'എല്ലാം ശരിയാകും' എന്ന ഹാഷ്ടാഗോടെ ഭർത്താവ് അംബുജാക്ഷൻ നമ്പ്യാരും മക്കളും ചേർന്ന് പങ്കുവെച്ചിരുന്ന വീഡിയോകൾക്ക് വിപുലമായ ജനശ്രദ്ധ ലഭിച്ചിരുന്നു.
ദുരന്തമുഖത്തും പതറാതെ ലേഖയ്ക്ക് താങ്ങായി നിന്ന കുടുംബത്തിന് സോഷ്യൽ മീഡിയയിലൂടെ വലിയ രീതിയിലുള്ള പിന്തുണയും സഹായങ്ങളും ലഭിച്ചിരുന്നു.
എന്നാൽ ലേഖയുടെ മരണത്തിന് പിന്നാലെ ഭർത്താവ് അംബുജാക്ഷൻ പങ്കുവെച്ച ചില വീഡിയോകളും ചിത്രങ്ങളുമാണ് നിലവിലെ വിവാദങ്ങൾക്ക് കാരണമായത്.
ലേഖയുടെ മൃതദേഹം വച്ചുള്ള രംഗങ്ങളും സംസ്കാര ചടങ്ങുകളുടെ ദൃശ്യങ്ങളും വ്യക്തിപരമായ വികാരങ്ങളും വിൽപനയ്ക്ക് വെക്കുകയാണെന്ന് ആരോപിച്ച് ഒരു വിഭാഗം ആളുകൾ കടുത്ത വിമർശനവുമായി എത്തി. മരണം പോലും റീലുകൾക്കും ലൈക്കുകൾക്കും വേണ്ടി ഉപയോഗിക്കുന്നുവെന്നാണ് പ്രധാന ആരോപണം.
സൈബർ ആക്രമണം രൂക്ഷമായതോടെ ഉയർന്ന വിമർശനങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ഭർത്താവ് അംബുജാക്ഷൻ തന്നെ നേരിട്ട് രംഗത്തെത്തി.
തങ്ങളെയും ലേഖയെയും സ്നേഹിച്ച ലക്ഷക്കണക്കിന് ആളുകൾക്ക് കാര്യങ്ങൾ അറിയാനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രയാസകരമായ ഘട്ടങ്ങളിൽ കൂടെ നിന്ന ഫോളോവേഴ്സിന് വേണ്ടിയാണ് വിവരങ്ങൾ പങ്കുവെക്കുന്നത് എന്നും, ആർക്കെങ്കിലും ഇത് ബുദ്ധിമുട്ടായി തോന്നുന്നുവെങ്കിൽ അൺഫോളോ ചെയ്തു പോകാം എന്നും അദ്ദേഹം വ്യക്തമാക്കി.
ലേഖ ബാക്കിവെച്ചുപോയ ആഗ്രഹങ്ങളും തങ്ങളുടെ സ്വപ്നങ്ങളും പൂർത്തീകരിക്കാൻ മുന്നോട്ട് പോകുമെന്നും അനാവശ്യ വിമർശനങ്ങൾ തങ്ങളെ തളർത്താൻ കഴിയില്ലെന്നും അംബുജാക്ഷൻ കൂട്ടിച്ചേർത്തു.
അതേസമയം, ലേഖയുടെ നിര്യാണത്തിൽ ചലച്ചിത്ര-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.