കുവൈത്ത് സിറ്റി — സൗദി അറേബ്യയിലെ മദീനയെ ലക്ഷ്യമിട്ട് ഹൂതികൾ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതിനെ കുവൈത്ത് ശക്തമായി അപലപിച്ചു. സൗദിയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും മുസ്ലിംകളുടെ മതവികാരം വ്രണപ്പെടുത്തുന്ന നടപടിയുമാണിതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
സംഭവത്തെ ഭീകരാക്രമണശ്രമമായി വിശേഷിപ്പിച്ച മന്ത്രാലയം സൗദി അറേബ്യയ്ക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സൗദി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്ത് പിന്തുണ അറിയിച്ചു
മദീന മേഖലയിലേക്ക് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ വ്യോമപ്രതിരോധ സേന തടഞ്ഞ് തകർത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യം നേരത്തേ അറിയിച്ചിരുന്നു. യെമനിലെ ഹൂതികളാണ് മിസൈൽ വിക്ഷേപിച്ചതെന്ന് സഖ്യ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി പറഞ്ഞു.