വയനാട്: മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈദരാബാദ് വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക തെളിവുകൾ പുറത്ത്.
യാത്രയ്ക്കിടെ സ്കൂൾ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും ബാറിൽ കയറിയതിന്റെ സിസിടിവി ദൃശ്യങ്ങളും മദ്യപിച്ചതിന്റെ ബില്ലുകളുമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യുഡിഎഫ് മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളാണ് വാർത്താസമ്മേളനത്തിൽ തെളിവുകൾ പുറത്തുവിട്ടത്.
ഹൈദരാബാദ് നമ്പള്ളിയിലെ ബാറിൽ ഇരുവരും പ്രവേശിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
മദ്യപിച്ചതിന്റെ ബിൽ തുകയായ 1100 രൂപ പിടിഎ പ്രസിഡന്റ് സ്വന്തം എടിഎം കാർഡ് ഉപയോഗിച്ചാണ് ബാറിൽ അടച്ചിരിക്കുന്നത്.
ഇതിന്റെ ഡിജിറ്റൽ ബില്ലുകളും ബാങ്കിങ് ഇടപാട് വിവരങ്ങളും അടക്കം ഉൾപ്പെടുത്തി യുഡിഎഫ് നേതൃത്വം ജില്ലാ പൊലീസ് മേധാവിക്കും വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകി.
സ്കൂളിലെ 135 വിദ്യാർത്ഥികളുമായി ഹൈദരാബാദിലേക്ക് നടത്തിയ പഠനയാത്രയ്ക്കിടെ അധ്യാപകരും പിടിഎ ഭാരവാഹികളും മദ്യപിച്ച് മോശമായി പെരുമാറിയെന്ന് കുട്ടികളും രക്ഷിതാക്കളും നേരത്തെ ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ പ്രിൻസിപ്പലിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ പ്രിൻസിപ്പലിന്റെ രക്തപരിശോധനാ ഫലം നെഗറ്റീവ് ആണെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നുമുള്ള വാദങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്.
സംഭവം നടന്ന് മണിക്കൂറുകൾ വൈകിയാണ് മെഡിക്കൽ പരിശോധന നടത്തിയതെന്നും അതിനാൽ പരിശോധനാ ഫലത്തിന് സാധുതയില്ലെന്നും യുഡിഎഫ് ആരോപിക്കുന്നു. കുട്ടികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിക്കാൻ ശ്രമം നടന്നതായും ആരോപണമുണ്ട്.
സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷനെയും സമീപിക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.