തിരുവനന്തപുരം: പാങ്ങപ്പാറയിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ നിർണായക വഴിതിരിവ്. മുഖ്യപ്രതിയായ ഉമറിന്റെ സുഹൃത്ത് ഐശ്വര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തിൽ പങ്കാളിയാവുകയും തെളിവ് നശിപ്പിക്കാൻ കൂട്ടുനിൽക്കുകയും ചെയ്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ചോദ്യംചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കൊലപാതകം നടക്കുന്ന സമയത്ത് ഉമർ സ്ഥലത്തില്ലെന്നും വീട്ടിലാണെന്നും വരുത്തിതീർക്കാൻ ഐശ്വര്യ ബോധപൂർവ്വമായ ശ്രമം നടത്തിയതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഇതിനായി കൃത്യം നടക്കുന്ന സമയത്തുടനീളം ഐശ്വര്യ ഉമറിനെ ഫോണിൽ വിളിക്കുകയും, സംഭാഷണം തുടരുകയും ചെയ്തുകൊണ്ട് വ്യാജമായ അൽബി (alibi) സൃഷ്ടിക്കാൻ സഹായിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കാപ്പാ കേസിൽ ശിക്ഷ അനുഭവിച്ചയാളാണ് രണ്ടാം പ്രതിയായ ഉമർ. മോഷണക്കേസിലടക്കം പ്രതിയായ പതിനേഴുകാരനാണ് കേസിലെ ഒന്നാം പ്രതി.

കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒന്നാം പ്രതി കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

എന്നാൽ കൊലപാതകത്തിന് ഉപയോഗിച്ച പ്രധാന തൊണ്ടിമുതലും പ്രതികളുടെ ഫോണുകളും കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം.

കൊല്ലപ്പെട്ട അഭിറാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമായ ചാറ്റുകൾ വീണ്ടെടുക്കാനും സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.

16 അംഗ പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിച്ചുവരുന്നത്.